-->
ചെറുതോണി: ഇടുക്കി ഗവ. മെഡിക്കല്‍ കോളജിലെ റോഡുകള്‍ നന്നാക്കുക, ഓപ്പറേഷന്‍ തീയറ്ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക, അടിസ്‌ഥാന സൗകര്യങ്ങളൊരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ ഇന്നലെ പഠിപ്പു മുടക്കി സമരം നടത്തി. അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയത്. ആദ്യവര്‍ഷം ഉന്നയിച്ച ആവശ്യങ്ങള്‍ പോലും പഠനം പൂര്‍ത്തിയാക്കേണ്ട അവസാന വര്‍ഷത്തിലും അധികൃതര്‍ സാധ്യമാക്കിയിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. മറ്റു മെഡിക്കല്‍ കോളജിലെ കുട്ടികള്‍ എല്ലാവിധ അടിസ്‌ഥാന സൗകര്യങ്ങളോടും കൂടി പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് അവസാന വര്‍ഷം ഏറ്റവും അത്യാവശ്യമായ പ്രധാനപ്പെട്ട പല ലാബുകളും ഓപ്പറേഷന്‍ തിയേറ്ററുകള്‍ പോലും ലഭ്യമാക്കിയിട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.
മെഡിക്കല്‍ കോളജ് അങ്കണത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതുമൂലം ദുരിതം അനുഭവിക്കുന്നതായും പല കുട്ടികളും കുഴിയില്‍ വീണ് പരുക്കേറ്റതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കുഴിയില്‍ വീണ് ഒരു വിദ്യാര്‍ഥിയുടെ തോളെല്ല് പൊട്ടി ചികിത്സയിലാണ്. റോഡുള്‍പ്പെടെയുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്നും വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ലക്ഷ്‌മി ഫാത്തിമ, ജനറല്‍ സെക്രട്ടറി ഹരികൃഷ്‌ണന്‍, അഖില്‍കുരുക്കള്‍ എന്നിവര്‍ പറഞ്ഞു.