-->
നെടുമ്പാശേരി: കുടുംബശ്രീ കെ-ഇനം മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ആഗോള വിപണിയില്‍ കോര്‍പ്പറേറ്റ് ഉല്‍പന്നങ്ങള്‍ക്ക് ബദലാകുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്റ്‌റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നെടുമ്പാശ്ശേരി ഫ്‌ളോറ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീയുടെ കെ-ഇനം എന്ന പുതിയ ബ്രാന്‍ഡില്‍ തയ്യാറാക്കിയ 30 കാര്‍ഷിക മൂല്യവര്‍ധിത ഭക്ഷ്യവിഭവങ്ങളുടെ ലോഞ്ചിങ്ങ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കുടുംബശ്രീയെ പ്രാപ്‌തമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കെ-ഇനം ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതു വഴി പുതിയ ചരിത്രം രചിക്കുകയാണ് കുടുംബശ്രീ.
കഴിഞ്ഞ ജൂണില്‍ ആരംഭിച്ച കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം(കെ-ടാപ്) വഴി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മുപ്പത് വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ആഗോള വിപണിയിലെത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ് . പ്രമുഖ കാര്‍ഷിക, വ്യാവസായിക, സാങ്കേതിക ഗവേഷണ സ്‌ഥാപനങ്ങളായ സി.എസ്.ഐ.ആര്‍, ഐ.സി.എ.ആര്‍, എന്‍.ഐ.എഫ്.ടി.ഇ.എം, കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും നേടിയ ഭക്ഷ്യസാങ്കേതിക വിദ്യകളില്‍ കെ-ടാപ് പദ്ധതി വഴി സംരംഭകര്‍ക്ക് പരിശീലനം നല്‍കിയാണ് കെ-ഇനം ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്.
കുടുംബശ്രീയുടെ ഓണ്‍ലൈന്‍ വിപണന മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ എല്ലാ വിപണിയും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. കപ്പ, വാഴപഴം, ചേമ്പ് എന്നിവ കൊണ്ടുള്ള ചിപ്‌സുകളും ന്യൂട്രിമിക്‌സ് പൗഡറുകളും മുരിങ്ങയില ഉപയോഗിച്ചുകൊണ്ടുള്ള ഉല്‍പന്നങ്ങളും വിപണിയിലേക്ക് എത്തിക്കുകയാണ്. കുടുംബശ്രീ കാര്‍ഷിക സംഘങ്ങള്‍ക്കും , ഉല്‍പാദന യൂണിറ്റുകള്‍ക്കും, സംരംഭകര്‍ക്കും കൃത്യമായ പരിശീലനം നല്‍കിയാണ് കെ ഇനം എന്ന പ്രീമിയം ബ്രാന്‍ഡ് വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. കെ-ടാപ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും യുക്‌തി സ്‌റ്റാര്‍ട്ടപ് ശൃംഖലയുടെയും തദ്ദേശീയ മേഖലയിലെ, ട്രൈബാന്‍ഡ്, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേക ഗിഫ്‌റ്റ് ബോക്‌സ് എന്നിവയുടെ ഉദ്‌ഘാടനവും മന്ത്രി നിര്‍വഹിച്ചു. സ്‌ത്രീകളെ മികച്ച സംരംഭകരാക്കി മാറ്റുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് റോജി എം.ജോണ്‍ എം.എല്‍.എ പറഞ്ഞു. അങ്കമാലി നഗരസഭാധ്യക്ഷ റീത്താ പോള്‍ അധ്യക്ഷയായി. കുടുംബശ്രീ സേ്‌റ്ററ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്.ഷാനവാസ് പദ്ധതി വിശദീകരണം നടത്തി.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ര്‍ എച്ച് ദിനേശന്‍, ജില്ലാ കളക്‌ടര്‍ ജി.പ്രിയങ്ക, സേ്‌റ്ററ്റ് പ്‌ളാനിങ്ങ് ബോര്‍ഡ് അംഗം ഡോ.ജിജു പി.അലക്‌സ്, കാര്‍ഷിക വിഭാഗം ചീഫ് എസ്.എസ് നാഗേഷ്, ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ യാസ്‌മിന്‍ എല്‍.റഷീദ്, എസ്.എഫ്.എ.സി കേരള മാനേജിങ്ങ് ഡയറക്‌ടര്‍ എസ് . രാജേഷ് കുമാര്‍ , ഡിവിഷന്‍ കൗണ്‍സിലര്‍ ടി.വൈ ഏലിയാസ് , കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ടി.എം റെജീന, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി എ നജീബ് , ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സഞ്‌ജു സൂസന്‍ മാത്യു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.ബി ബിജു , ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.ജി മനോജ്, നബാര്‍ഡ് ഡി.ഡി.എം അജീഷ് ബാലു, സി.ഡി.എസ് അധ്യക്ഷ ലില്ലി ജോണി എന്നിവര്‍ പങ്കെടുത്തു.