-->
മൂവാറ്റുപുഴ: കൗതുക കാഴ്‌ച സമ്മാനിച്ച് മണലാരണ്ണ്യത്തിലെ ഫല വൃക്ഷമായ ഈന്തപ്പന മസ്‌ജിദ് അങ്കണത്തില്‍ കായ്‌ച്ചു. പേഴക്കാപ്പിളളി സെന്‍ട്രല്‍ ജുമാമസ്‌ജിദ് അങ്കണത്തില്‍ ആറ് വര്‍ഷം മുമ്പ് നട്ട ഏഴ് ഈന്തപ്പനകളില്‍ ഒന്നിലാണ് ഈന്തപ്പഴ കുലകള്‍ വിളഞ്ഞത്.
ഓറഞ്ച് നിറത്തിലുളള കായ്‌കള്‍ നിറഞ്ഞ നിരവധി കുലകളാണുളളത്. പളളിയിലെത്തുന്നവര്‍ക്ക് ഇത് കൗതുക കാഴ്‌ചയാണ്. സാധാരണയായി മരുഭൂമികളിലാണ് ഈന്തപ്പനകള്‍ സമൃദ്ധമായി കായ്‌ക്കുന്നത്. കേരളത്തില്‍ പരീക്ഷണ അടിസ്‌ഥാനത്തില്‍ പലയിടത്തും ഈന്തപ്പന തൈകള്‍ വച്ച് പിടിപ്പിച്ചെങ്കിലും പന വളര്‍ന്നതല്ലാതെ കായ്‌ഫലം ഉണ്ടാകാറില്ല. ഇതിന് വിപരീതമായാണ് അറബ് നാടുകളിലേതെന്ന പോലെ മസ്‌ജിദ് വളപ്പിലെ ഈന്തപ്പനകള്‍ കുലച്ച് നില്‍ക്കുന്നത്.
2019 - 2020 കാലത്ത് കോവിഡ് മഹാമാരി കാലത്താണ് തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് പളളി ഭാരവാഹികള്‍ തൈ വാങ്ങുന്നത്. അവ നിരനിരയായി നട്ടെങ്കിലും പിന്നീട് കാര്യമായ പരിചരണം ഒന്നും നടത്തിയില്ല.
പ്രകൃതി ദത്തമായ അതിജീവന ശേഷിയുളള ഈത്തപ്പനകള്‍ക്ക് വെളളമൊ വളമൊ നല്‍കിയിരുന്നില്ല. സ്വാഭാവികമായി പന വളരുകയും ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം കായ്‌ക്കുകയും ചെയ്‌തു. മൂന്ന് മാസം മുമ്പാണ് ആദ്യ കായ്‌കള്‍ കണ്ട് തുടങ്ങിയത്. ഇപ്പോള്‍ നിറയെ ഈന്തപ്പഴ കുലകളായി. മരുഭൂമിയില്‍ സാധാരണ കണ്ടു വരുന്ന ഫലവൃക്ഷമാണ് ഈന്തപ്പന.
നൈസര്‍ഗികമായി ഇവ മരുപ്പച്ചകളില്‍ കൂട്ടം കൂട്ടമായാണ് വളരുന്നത്. ഡയിറ്റ് പാം എന്ന് ഇം?ീഷിലും നഖ്‌ല എന്ന് അറബിയിലും അറിയപ്പെടുന്നു. അറബ് രാജ്യങ്ങളിലും വടക്കനാഫ്രിക്കന്‍ രാജ്യങ്ങളിലും ഇത് വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്. സ്വാദിഷ്‌ഠവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്നു. 15 മുതല്‍ 25 മീറ്റര്‍ വരെ ഈന്തപ്പനകള്‍ വളരും. അന്‍പതോളം വിവിധ ഇനങ്ങളില്‍ ഈന്തപ്പന ഇന്ന് ലഭ്യമാണ്. ഉഷ്‌ണ ദേശങ്ങളില്‍ നെല്ല് ഗോതമ്പ് മുതലായ ധാന്യങ്ങള്‍ കാര്യമായ വിളവ് നല്‍കാത്ത സാഹചര്യത്തിലാണ് അവിടെ ഈന്തപ്പന കൃഷി വ്യാപകമായത്.