-->
ആലപ്പുഴ: പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ വായനാശീലം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിക്ക് ജില്ലയില്‍ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിച്ചു.
വായനയുടെ പ്രാധാന്യവും പ്രസക്‌തിയും ഉള്‍ക്കൊണ്ട് ആവിഷ്‌കരിച്ച അക്ഷരോന്നതി മഹത്തായ പദ്ധതിയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രൈമറിതലം മുതല്‍ വായന നിര്‍ബന്ധിത ശീലമാക്കണം. വായന കേവലം അക്കാദമിക് ആവശ്യത്തിന് മാത്രമാകുന്ന പ്രവണത ഏറി വരുകയാണ്. അതുകൊണ്ടുതന്നെ ശാസ്‌ത്ര-സാങ്കേതിക പഠന മേഖലകളിലുള്‍പ്പെടെ വായനയ്‌ക്കുവേണ്ടി പ്രത്യേക സിലബസ് തന്നെ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ അധ്യക്ഷയായി. എല്‍.എസ്.ജി.ഡി ജോയിന്‍ ഡയറക്‌ടര്‍ ഇന്‍ ചാര്‍ജ് സി.അലക്‌സ് മുഖ്യപ്രഭാഷണം നടത്തി. എല്‍.എസ്.ഡി ജൂനിയര്‍ സൂപ്രണ്ട് എസ്. സുജാത, ആര്‍.ജി.എസ്.എ. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വിദഗ്‌ധ നൈസി ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് സ്‌ഥിരംസമിതി അധ്യക്ഷരായ ജ്യോതിമോള്‍, അംബുജാക്ഷി, എസ്. രാധാകൃഷ്‌ണന്‍, ജില്ലാ ജില്ലാ പഞ്ചായത്ത് അംഗം അനില രാജു, സാക്ഷരതാ മിഷന്‍ സെക്രട്ടറി കെ.വി രതീഷ്, ആര്‍.ജി.എസ്.എ ബ്ലോക്ക് കോഡിനേറ്റര്‍ ടി. രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഠനമുറികള്‍ ഒരുക്കല്‍, ഹോസ്‌റ്റലുകളില്‍ വായന സൗകര്യമൊരുക്കല്‍, പുസ്‌തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കല്‍, വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തല്‍, പൊതുജനങ്ങളില്‍ പുസ്‌തകദാനം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്‌ഥാപനങ്ങള്‍, കോളജുകള്‍, സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍, ലൈബ്രറികള്‍, പ്രാദേശികതല കൂട്ടായ്‌മകള്‍ എന്നിവ കേന്ദ്രീകരിച്ച് പുസ്‌തകങ്ങള്‍ ശേഖരിച്ച് എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് വായനയ്‌ക്ക് സൗകര്യമൊരുക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളില്‍ ജില്ലയില്‍ പുസ്‌തക ശേഖരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.