-->
കുട്ടനാട്: മരണാനന്തരം ശരീരങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനായി കൈമാറാന്‍ സമ്മതപത്രം കൈമാറി നാലംഗ കുടുംബം. പൊതുപ്രവര്‍ത്തകരായ കാവാലം കൃഷ്‌ണ വിഹാറില്‍ സുരേഷ് ബാബുവും ഭാര്യ ലേഖ കാവാലവും മക്കളുമാണ് ഇതിനായി സമ്മതപത്രം നല്‍കിയത്.
മാതാപിതാക്കള്‍ ഇങ്ങനെയൊരു ആഗ്രഹം പങ്കുവച്ചപ്പോള്‍ പൂര്‍ണമനസോടെ മക്കളായ ഗൗരി ശങ്കരിയും ദയാല്‍ കൃഷ്‌ണയും യോജിപ്പ് അറിയിക്കുകയായിരുന്നു. ഗ്രന്ഥകാരനും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് സുരേഷ് ബാബു. അധ്യാപികയും പാരാലീഗല്‍ വോളണ്ടിയറും യോഗ ട്രെയിനറും കുങ്‌ഫു സെക്കന്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റുമാണ് ലേഖ. ഇവരുടെ മൂത്തമകളായ ഗൗരി ശങ്കരി ബിരുദം കഴിഞ്ഞ് ഡയറ്റീഷന്‍ കോഴ്‌സ് ചെയ്‌തു വരികയാണ്.
കുങ്‌ഫു ഫസ്‌റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ആണ്. മകന്‍ ദയാല്‍ കൃഷ്‌ണ ബിരുദ പഠനത്തിനുശേഷം ക്വാളിറ്റി കണ്‍ട്രോള്‍ പെട്രോളിയം കോഴ്‌സ് ചെയ്‌ത് വരികയാണ്.
കൂടാതെ കുങ്‌ഫു സെക്കന്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റും എട്ടാമത് കുങ്‌ഫു നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ജേതാവുമാണ്. കഴിഞ്ഞദിവസം ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജ് അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റ് അസി. പ്രഫസര്‍ ഡോ. സ്‌മിതാ ജി. രാജിന് 200 രൂപ മുദ്രപത്രങ്ങളിലുള്ള സമ്മതപത്രങ്ങള്‍ സുരേഷ് ബാബു കൈമാറി. 2018 ലെ പ്രളയകാലത്തെ സ്വന്തം അനുഭവങ്ങളെ ആസ്‌പദമാക്കി അദ്ദേഹം രചിച്ച പ്രളയം -ഒരു കുട്ടനാട്ടുകാരന്റെ അനുഭവങ്ങളും അനുഭവപാഠങ്ങളും, കനല്‍ തേടുന്ന കാവല്‍മാടങ്ങള്‍ എന്നീ കൃതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മരണശേഷവും തങ്ങളുടെ ശരീരം വൈദ്യശാസ്‌ത്രത്തിന് മുതല്‍ക്കൂട്ടാകണമെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുരേഷ്‌ബാബു പറയുന്നു.