Thursday, March 12, 2026 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 09.54 AM

ദര്‍ശന പുണ്യമായി അര്‍ത്തുങ്കല്‍ പള്ളിയില്‍ തിരുസ്വരൂപ നട തുറന്നു

ചേര്‍ത്തല: പ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസിലിക്കയിലെ മകരം തിരുനാളിന്‌ ആത്മീയ ചൈതന്യമേകി വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുസ്വരൂപം നട തുറന്നു. ലക്ഷകണക്കിന്‌ വിശ്വാസികള്‍ നട തുറക്കല്‍ ചടങ്ങില്‍ പങ്കെടുത്ത്‌ സായുജ്യരായി. ബസിലിക്ക റെക്‌ടര്‍ റവ. ഡോ. യേശുദാസ്‌ കാട്ടുങ്കല്‍ തയ്യില്‍ നട തുറക്കല്‍ കര്‍മങ്ങള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചു. വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന പുണ്യദര്‍ശനം സാധ്യമാകുന്നതിനായി തലേ ദിവസം രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയോടെ ഉറക്കമിളച്ചാണ്‌ വിശ്വാസി സമൂഹം കാത്തിരുന്നത്‌. പതിനായിരക്കണക്കിന്‌ തീര്‍ത്ഥാടകരാണ്‌ നാടിന്റെ നാനഭാഗങ്ങളില്‍ നിന്നായിയെത്തി ബസിലിക്കയുടെ മുറ്റത്ത്‌ കാത്തിരുന്നത്‌. ദേവാലയത്തിലെ പ്രത്യേക അറയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ അത്ഭുത തിരു സ്വരൂപമാണ്‌ പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ പുറത്തെടുത്ത്‌ ഭക്‌തര്‍ക്കായി വണക്കത്തിന്‌ പ്രതിഷ്‌ഠിച്ചത്‌.
പള്ളിയങ്കണത്തില്‍ പ്രത്യേക രൂപക്കൂട്ടില്‍ വച്ചിട്ടുള്ള തിരുസ്വരൂപം എട്ടാം പെരുന്നാള്‍ ദിനമായ 27 വരെ വിശ്വാസികള്‍ക്ക്‌ ദര്‍ശിക്കാനാകും.
പ്രധാന തിരുനാള്‍ ദിനമായ 20ന്‌ നടക്കുന്ന പ്രസിദ്ധമായ പ്രദക്ഷിണത്തിന്‌ നഗര വീഥികളിലൂടെ ആനയിക്കുന്നത്‌ ഈ തിരുസ്വരൂപമാണ്‌. നടതുറക്കലിനെ തുടര്‍ന്ന്‌ ഫാ. യേശുദാസ്‌ കൊടിവീട്ടില്‍ ദിവ്യബലിയര്‍പ്പിച്ചു. റവ. ഡോ. സെബാസ്‌റ്റ്യന്‍ ശാസ്‌താംപറമ്പില്‍ വചനപ്രഘോഷണം നടത്തി.
തുടര്‍ന്ന്‌ ഫാ. സിജു പി. ജോബ്‌ പള്ളിപ്പറമ്പിലിന്റെ കാര്‍മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും ദിവ്യബലിയും നടന്നു. രാവിലെ ഒന്‍പതിന്‌ ഫാ. നെല്‍സണ്‍ തൈപ്പറമ്പിലിന്റെ കാര്‍ മികത്വത്തില്‍ ദിവ്യബലി. 11 ന്‌ തിരുവല്ല രൂപത മെത്രാന്‍ ഡോ. തോമസ്‌ മാര്‍ കൂറിലോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ മലങ്കര റീത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി, ഉച്ചക്ക്‌ മൂന്നിന്‌ ദിവ്യബലി ഫാ. ഫ്രാന്‍സിസ്‌ കൊടിയനാട്‌ കാര്‍മികത്വം വഹിക്കും. വൈകിട്ട്‌ ആറിന്‌ കണ്ണൂര്‍ രൂപത സഹയ മെത്രാന്‍ ഡോ. ഡെന്നിസ്‌ കുറുപ്പശേരിയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി, രാത്രി എട്ടിന്‌ ഫാ. ബോസ്‌ കൊടിയനാടും ഒന്‍പതിന്‌ ഫാ. സെബാസ്‌റ്റ്യന്‍ വലിയവീട്ടിലും ദിവ്യബലിയര്‍പ്പിക്കും.
10ന്‌ ദിവ്യബലി ഫാ. ജോസഫ്‌ അനു അരയശേരി കാര്‍മികനാകും. പ്രധാന തിരുനാള്‍ ദിനങ്ങളില്‍ തീര്‍ഥാടകരുടെ തിരക്ക്‌ പരിഗണിച്ച്‌ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ്‌ ബസിലിക്ക അധികൃതരും പോലീസും ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. 27ന്‌ രാത്രി നടക്കുന്നതോടെ തിരുനാള്‍ ആഘോഷം സമാപിക്കും.

Ads by Google
Advertisement
Sunday 18 Jan 2026 09.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW