-->
ആലപ്പുഴ: നഗരത്തില്‍ രാത്രിയില്‍ കാര്‍ യാത്രികനെ തടഞ്ഞുനിര്‍ത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്‌റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് ഒക്കലയില്‍ വീട്ടില്‍ ഉദീഷ് (26), ആര്യാട് പഞ്ചായത്തില്‍ പുതുവല്‍ വടക്കേവെളി വീട്ടില്‍ രാജീവ് (41) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ 15ന് രാത്രിയില്‍ വൈ.എം.സി.എ ഭാഗത്തായിരുന്നു സംഭവം. നഗരത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ആലപ്പുഴ സ്‌റ്റേഡിയം വാര്‍ഡില്‍ സുനില്‍കുമാറിനെയാണ് സംഘം കൊള്ളയടിച്ചത്. സുനില്‍കുമാറിന്റെ കാര്‍ തടഞ്ഞ് നിര്‍ത്തി പണം ആവശ്യപ്പെടുകയും ഇത് ചോദ്യംചെയ്‌തപ്പോള്‍ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയുമായിരുന്നെന്നാണ് കേസ്.
ഭയന്നുപോയ സുനില്‍ 7000 രൂപ നല്‍കിയതിനെതുടര്‍ന്നാണ് അക്രമികള്‍ മാല തിരികെ നല്‍കിയത്.
സംഭവശേഷം പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് കേസെടുത്തു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തി പോലീസ് അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. പ്രതികള്‍ ഇരുവരും സമാനമായ കേസുകളില്‍ പെട്ടവരാണെന്നും അടുത്തകാലത്തു മറ്റൊരുകേസില്‍ ജയില്‍വാസത്തിനു ശേഷം ഇറങ്ങിയവരാണെന്നും ഉദീഷ് കാപ്പ കേസില്‍ ഉള്‍പ്പടെ പ്രതിയാണെന്നും നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്‌ടര്‍ എം.കെ രാജേഷ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.