-->
കോന്നി: ഗവ.മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാക്കിയ രണ്ടാം ഘട്ട നിര്‍മ്മാണങ്ങളുടെ ഉദ്‌ഘാടനം ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്‌ജ് നിര്‍വ്വഹിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു.
അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക്ക് ബ്ലോക്ക് രണ്ടാം ഘട്ടം, ടൈപ്പ് ബി, ഡി ക്വോര്‍ട്ടേഴ്‌സ് ടവറുകള്‍, ഡീന്‍ വില്ല, എം.ഐ.സി.യു എന്നിവയുടെ ഉദ്‌ഘാടനങ്ങളാണ് നടക്കുക. 352 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്നത്.
കിഫ്‌ബി ഫണ്ടില്‍ നിന്നും 22.80 കോടി രൂപ ചെലവഴിച്ച് 4827 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയിലാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് ഫേസ് 2 എന്നിവ പൂര്‍ത്തിയാക്കിയത്.അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പ്രിന്‍സിപ്പല്‍ ഓഫീസാണ് പ്രവര്‍ത്തിക്കുക. അക്കാദമിക്ക് ബ്ലോക്കില്‍ മൈക്രോബയോളജി, ഫോറന്‍സിക്ക്, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നീ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 16.25 കോടി രൂപ ചെലവില്‍ 10 നിലകളിലായി 40 അപ്പാര്‍ട്ട്‌മെന്റുകളുള്ള ടൈപ്പ് ഡി ക്വാര്‍ട്ടേഴ്‌സ് ടവറും , 9.10 കോടി രൂപ ചെലവില്‍ 10 നിലകളിലായി 40 അപ്പാര്‍ട്ട്‌മെന്റുകളുള്ള ടൈപ്പ് ബി ക്വാര്‍ട്ടേഴ്‌സ് ടവറും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും ജീവനക്കാര്‍ക്കായി തുറന്നു നല്‌കും. മെഡിക്കല്‍ കോളേജില്‍ നടന്ന യോഗത്തില്‍ എം.എല്‍.എയോടൊപ്പം പ്രിന്‍സിപ്പാള്‍ ഡോ:ആര്‍. എസ്. നിഷ, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ബി.ഷാജി, നിര്‍മ്മാണ കമ്പനി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.