-->
വൈക്കം: കിഫ്‌ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില്‍ വീതികൂട്ടി നിര്‍മിക്കുന്ന വൈക്കം-വെച്ചൂര്‍ റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ആദ്യഘട്ടം യാഥാര്‍ഥ്യമായി. തോട്ടകം മുതല്‍ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചില്‍ പെട്ട ഭൂമിവില കൈമാറിയ 42 ഭൂവുടമകളില്‍ നിന്നുമാണ് വസ്‌തു ഏറ്റെടുത്ത് റോഡിന്റെ നിര്‍മാണ നിര്‍വഹണ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡിന് (കെ.ആര്‍.എഫ്.ബി) കൈമാറിയത്.
ഇനി ഈ വസ്‌തുക്കളിലുള്ള സ്‌ഥാവര നിര്‍മിതികള്‍ പൊളിച്ചു നീക്കാന്‍ ടെണ്ടര്‍ നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗം ഉദ്‌ഘാടനം ചെയ്‌ത സി.കെ ആശ എം.എല്‍.എ പറഞ്ഞു.ഉല്ലല ശിരഞ്‌ജിനി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്‌ജ് രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ സോമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹൈമി ബോബി, തലയാഴം-വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വൈക്കം-വെച്ചൂര്‍ റോഡ് വികസന സമിതി അംഗങ്ങള്‍, വിവിധ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആകെയുള്ള 963 കൈവശക്കാരില്‍ ഒന്നും രണ്ടും റീച്ചിലായി ഉള്‍പ്പെട്ടുവരുന്ന 560 പേരുടെ ഹിയറിങ് നടപടികള്‍ നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതില്‍ തന്നെ 45 പേര്‍ക്ക് നിലവില്‍ തുക കൈമാറിക്കഴിഞ്ഞു. 39 പേരുടെ തുക കൈമാറുന്നതിനായി ബില്ല് വൈക്കം സബ് ട്രഷറിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടും റീച്ചുകളിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് സമാന്തരമായി മൂന്നാം റീച്ചിലെ ഹിയറിങ് നടപടികളും റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ കഴിയുമെന്ന് സി.കെ ആശ എം.എല്‍.എ അറിയിച്ചു.