-->
ഇടുക്കി: പോലീസ് സ്‌റ്റേഷനു സമീപം പുതുതായി നിര്‍മിച്ച ചെറുതോണി ബസ് സ്‌റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് അടുത്തമാസം തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു. ബസ് സ്‌റ്റാന്‍ഡ് കെട്ടിടവും കാത്തിരിപ്പ് സൗകര്യങ്ങളും ടോയ്‌ലെറ്റ് സംവിധാനങ്ങളും ഇതിനോടകം പൂര്‍ത്തിയായി.
ഏകദേശം 20 മീറ്റര്‍ മാത്രം ദൂരത്തുള്ള നിര്‍മാണമാണ് മഴ മൂലം ശേഷിച്ചിരുന്നത്. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ അടുത്ത മാസം മുതല്‍ ബസ് സ്‌റ്റാന്റ് പ്രവര്‍ത്തന സജ്‌ജമാ ക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു. സ്‌റ്റാന്‍ഡിനൊപ്പം ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്‌സ് ടെന്‍ഡര്‍ ചെയ്‌ത് നല്‍കിയിരുന്നു. എന്നാല്‍ ബസ് സ്‌റ്റാന്‍ഡി ലേക്കുള്ള വഴിയും പുറത്തേക്കുള്ള വഴിയും രണ്ട് ഭാഗത്തായിരിക്കണമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചതോടെ അടിയന്തരമായി ഒരു വഴികൂടി നിര്‍മിക്കേണ്ട സാഹചര്യം ഉണ്ടായതാണ് ഉദ്‌ഘാടനം വൈകിയത്. പിന്നീട് എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് ഒരു കലുങ്ക് കൂടി നിര്‍മിക്കുകയും ബസ് സ്‌റ്റാന്‍ഡിന് പിന്‍ഭാഗം മുതല്‍ റോഡില്‍ നിന്നുള്ള പ്രവേശനകവാടം വരെ ഇറിഗേഷന്‍ വകുപ്പ് മുഖേന സംരക്ഷണഭിത്തിയുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. ഇതോടൊപ്പം കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് എം.എല്‍.എ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് കോണ്‍ക്രീറ്റ് നടത്തി ബസ്‌വേയും പാര്‍ക്കിങ് എരിയയും സജ്‌ജമാക്കി.
നിര്‍ദിഷ്‌ട ബസ് സ്‌റ്റാന്റില്‍ നിന്ന് പുറത്തേക്കുള്ള റോഡില്‍ കലിങ്കിനോട് ചേര്‍ന്നുള്ള ഭാഗം കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞു പോയതിനാല്‍ ഇവിടെ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് താമസംനേരിട്ടിരുന്നു. മഴ കുറഞ്ഞതോടെ ഈ ഭാഗം ദ്രുത ഗതിയില്‍ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. പുതിയ ബസ് സ്‌റ്റാന്റിനോട് ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ഡിപ്പോ കൂടി ആരംഭിക്കുന്നതിന് നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായി വരികയാണ്. പോലീസ് സ്‌റ്റേഷനും ബസ് സ്‌റ്റാന്റിനും ഇടയിലുള്ള ഭാഗത്തായി ഫോര്‍വേ ഗ്യാരേജ് നിര്‍മിക്കുന്നതിനായി 42 സെന്റ് സ്‌ഥലം കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തിട്ടുണ്ട്. ടൗണ്‍ ഹാളിന് സമീപവും വാഴത്തോപ്പ് പഞ്ചായത്തിന്റെ മാര്‍ക്കറ്റിന്റെ സമീപത്തുമായി ആകെ രണ്ട് ഏക്കര്‍ സ്‌ഥലമാണ് കെ.എസ്.ആര്‍.ടി. സിക്ക് അനുവദിച്ചത്. ഗ്യാരേജ് നിര്‍മാണത്തിനായി 2 കോടി രൂപ അനുവദിക്കുകയും പൊതുമരാമത്ത് വകുപ്പ് മുഖേന ടെണ്ടര്‍ ചെയ്‌തിട്ടുള്ളതുമാണ്. നിര്‍മാണം പൂര്‍ത്തിയായ ബസ് സ്‌റ്റാന്റില്‍നിന്നും രണ്ടുപാതകള്‍ ക്രമീകരിക്കാന്‍ നേരിട്ട കാലതാമസം കാലാവസ്‌ഥ അനുകൂലമായതോടെ പരിഹരിക്കാന്‍ കഴിഞ്ഞു. 3 കോടി 40 ലക്ഷം രൂപ ചെലവില്‍ ബസ് സ്‌റ്റാന്‍ഡിലേക്കുള്ള പ്രവേശനകവാടം മുതല്‍ നിര്‍ദ്ദിഷ്‌ട കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് പിന്‍ഭാഗത്തുകൂടി കടന്നുപോയി പോലീസ് സ്‌റ്റേഷന് മുന്‍ഭാഗം വരെയുള്ള ഭാഗമാണ് സംരക്ഷണ ഭിത്തികളാണ് നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നത്. ഇതുകൂടി പൂര്‍ത്തിയാക്കുന്നതോടെ ബസ് സ്‌റ്റാന്‍ഡ് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.