-->
കുഞ്ചിത്തണ്ണി: ഹൈറേഞ്ചിന്റെ വികസന രംഗത്ത് വഴിമുടക്കിയായി വനം വകുപ്പ് നിലകൊള്ളുന്നതിനെതിരേ ജനരോഷം ശക്‌തമാകുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുല്ലക്കാനം-എല്ലക്കല്‍ റോഡിന്റെ നിര്‍മാണം തടസപ്പെടുത്തിയുള്ള വനം വകുപ്പിന്റെ നിലപാട്. അഞ്ച് കിലോമീറ്റര്‍ ദൂരം വരുന്ന ഈ പ്രധാന റോഡിന്റെ വളവുകളും കുത്തനെയുള്ള കയറ്റങ്ങളും ഒഴിവാക്കി റോഡ് പുനര്‍ നിര്‍മിക്കുന്നതിനു വേണ്ടി രണ്ടുവര്‍ഷം മുന്‍പാണ് കിബ്‌ഫിയുടെ ഫണ്ടില്‍പ്പെടുത്തി 50 കോടിയോളം രൂപ സംസ്‌ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ കമ്പനി പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്‌തുവരികയാണ്. എന്നാല്‍ തടസം നില്‍ക്കുന്നത് വനം വകുപ്പിന്റെ കാലഹരണപ്പെട്ട ചില നിയമങ്ങളാണ്. പ്ര?ഫഷണല്‍ കോളജ്, ഗവ: ഐ.ടി.ഐ കോളജ്, ഏതാനും അംഗന്‍വാടികള്‍, ഹിന്ദു - ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡാണിത്. രണ്ടു വര്‍ഷമായിട്ടും ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവില്‍ കിലോമീറ്ററുകള്‍ ചുറ്റി മറ്റൊരു റോഡിലൂടെ സഞ്ചരിക്കേണ്ട ഗതികേടിലാണ് രാജാക്കാട് നിവാസികള്‍. അതോടൊപ്പം വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കുമുള്ള യാത്രയും തടസപ്പെട്ടിരിക്കുകയാണ്. ഈ ഭാഗത്തെ റോഡ് നിര്‍മാണത്തിന് ഏറ്റവും വലിയ തടസമായി നില്‍ക്കുന്നത് ഏതാനും പാഴ്‌മരങ്ങളാണ്. ഇത് വെട്ടിമാറ്റാതെ റോഡ് ടാറിംഗ് അസാധ്യമായ നിലയിലാണ്. തടസമായിട്ടുള്ള 11 ല്‍ പരം ചെറുതും വലുതുമായ മങ്ങള്‍ക്ക് നമ്പര്‍ പതിച്ചിട്ടുള്ളതാണ്. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വനം വകുപ്പ് അധികൃതര്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കാത്തതാണ് വഴിമുടക്കിയായിട്ടുള്ളത്. ദേവികുളം ഫോറസ്‌റ്റ് റേഞ്ച് ഓ ഫീസിന്റെ കീഴില്‍ വരുന്നതാണ് ഈ മേഖല. അടിയന്തരമായി ഈ മരങ്ങള്‍ മുറിച്ചു മാറ്റി റോഡ് നിര്‍മാണം സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.