-->
ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍നിന്നുള്ള ഹൃദ്യമായ അനുഭവം പങ്കുവെച്ച് ട്രാവല്‍ വ്‌ളോഗറായ വെറോണിക്ക. ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ വെറോണിക്ക പ്രശംസിച്ചത്.
ചര്‍മസംബന്ധമായ പ്രശ്‌നത്തിന് ചികിത്സ തേടിയെത്തിയ തനിക്ക് വെറും പത്തുമിനിറ്റിനുള്ളില്‍ ഡോക്‌ടറെ കാണാനായെന്നും തന്റെ നാടായ സ്‌പെയിനിലാ ണെങ്കില്‍ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നേനെയെന്നും വെറോണിക്ക പറയുന്നു.ആലപ്പുഴ ജില്ലാ ആശുപത്രിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ സഹിതമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് താനൊരിക്കലും ഇത് പ്രതീക്ഷിച്ചില്ല എന്നുപറഞ്ഞാണ് വെറോണിക്ക വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയില്‍ എല്ലാ സ്‌ഥലത്തും ഇങ്ങനെയാണോ എന്ന് തനിക്കറിയില്ലെന്നും വെറോണിക്ക പറയുന്നു. തന്റെ നാട്ടില്‍ ഒരു ഡെര്‍മറ്റോളജിസ്‌റ്റിനെ കാണണമെങ്കില്‍ എട്ടുമാസമെങ്കിലും കാത്തിരിക്കണം. എന്നാല്‍ ഇന്ത്യയില്‍ അത്തരം അപ്പോയിന്റ് മെന്റിന്റെ ആവശ്യമില്ല. രജിസ്‌ട്രേഷന്‍ ചെയ്‌ത് വെറും പത്തുമിനിറ്റിനുള്ളില്‍ ഡെര്‍മറ്റോളജിസ്‌റ്റിനെ കാണാനാവും. ഇതൊരു സര്‍ക്കാര്‍ ആശുപത്രി കൂടിയാണെന്ന് ഓര്‍ക്കണം- വെറോണിക്ക പറയുന്നു. മുഖക്കുരു കൂടിയതുകൊണ്ടാണ് വെറോണിക്ക ആശുപത്രിയില്‍ പോയത്. ചികിത്സയ്‌ക്ക് പിന്നാലെ ഭേദമായിവരുന്നുണ്ടെന്നും വെറോണിക്ക പറയുന്നുണ്ട്.