-->
കുട്ടനാട്: കഴിഞ്ഞ പുഞ്ചക്കൃഷിയുടെ വിളവ് നല്‍കിയ ഇനത്തില്‍ വിലയായി ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ കാര്യത്തില്‍ ഒമ്പതുമാസം പിന്നിട്ടിട്ടും ഒരു തീരുമാനവും ആകാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകനും ഭാര്യയും പേരക്കുട്ടിയും അടങ്ങുന്ന കുടുംബം മങ്കൊമ്പ് സപ്ലൈകോ പാഡി ഓഫീസിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പുളിങ്കുന്ന് കൃഷിഭവന്‍ കീഴിലെ വടക്കേ മതികായല്‍ പാടശേഖരത്ത് സ്വന്തമായുള്ള നാല് ഏക്കറില്‍നിന്ന് ലഭിച്ച വിളവ് കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് എം.പി മോഡേണ്‍ മില്‍സും സപ്ലൈകോ അധികൃതരും ചേര്‍ന്ന് എടുക്കുന്നത്.
കിഴിവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ പാടശേഖരത്ത് നിലനിന്നതായി പറയുന്നു. എന്നാല്‍ മറ്റു കര്‍ഷകരുടെ നെല്ല് സംഭരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ നെല്ല് എടു ക്കാന്‍ മില്ലുകാരോ സപ്ലൈകോ ഉദ്യോഗസ്‌ഥരോ തയാറായില്ല. തുടര്‍ന്ന് ഉത്തമന്‍ തന്റെ സ്വന്തം ചെലവില്‍ വള്ളവും മറ്റും സംഘടിപ്പിച്ച് ഈ നെല്ലുമുഴുവന്‍ നെടുമുടി കടവില്‍ എത്തിച്ചശേഷം മില്ലിലേക്ക് കയറ്റി അയക്കുകയായിരുന്നു.
എന്നിട്ടും കൃത്യമായി പി.ആര്‍.എസ് നല്‍കാനോ സമയത്ത് പണം ലഭിക്കുമെന്ന് ഉറപ്പുവരുത്താനോ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ തയാറാകാത്തതാണ് വിഷയം. പിന്നീട് നിരന്തരം പാഡി മാര്‍ക്കറ്റിങ് ഓഫീസറെ കാണുകയും വിഷയം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്‌തെങ്കിലും പി.ആര്‍. എസ് ലഭിച്ചില്ല. ഒടുവില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അതിന്റെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്‌ച പി.എം.ഒ വിളിച്ച് സംസാരിച്ചെങ്കിലും അപ്പോഴും പരിഹാരം ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ പേരക്കുട്ടിയെയും ഭാര്യയെയും കൂട്ടി മങ്കൊമ്പിലെ ഓഫീസില്‍ എത്തി സമരത്തിന് തയാറായത്. എന്നാല്‍ മതികായല്‍ പാടശേഖരത്തിലെ 127 കര്‍ഷകരില്‍ 126 പേരും മൂന്ന് കിലോ കിഴിവ് അംഗീകരിച്ചു നെല്ല് നല്‍കുകയും പി.ആര്‍.എസ് എഴുതി വില വാങ്ങിയെങ്കിലും ഉത്തമന്‍ കിഴിവ് അംഗീകരിച്ചു പി.ആര്‍.എസ് വാങ്ങാന്‍ തയാറാകാത്തതാണ് പ്രശ്‌നത്തിന്റെ അടിസ്‌ഥാനമെന്ന് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.