-->
കോട്ടയം: ഒരു കിലോ പന്നിയിറച്ചിയുടെ വിലയ്‌ക്ക് ഒരു കിലോ കിളി മീന്‍ കിട്ടില്ല, ഒരു കിലോ പോത്തിറച്ചിയേക്കാള്‍ 60 രൂപ കൂടി നല്‍കിയാലേ വിളക്കുട്ടി എന്ന മീന്‍ ലഭിക്കൂ... ചെറീയ മീനായ ഒഴുവലിനു പോലും നല്‍കണം 260 രൂപ. പച്ച മീന്‍ വിലയിലെ കുതിപ്പില്‍ അന്താളിച്ച് സാധാരണ കുടുംബങ്ങള്‍. മിക്ക ഇനം മീനുകളും സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയ്‌ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത.കടലില്‍ ആവശ്യത്തിന് മീനില്ലാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. അതേ സമയം മീന്‍ ലഭ്യത കുറഞ്ഞത് സര്‍വ മേഖലകളെയും ബാധിച്ചു.
ലഭ്യത കുറഞ്ഞതോടെ മീനിന്റെ വിലയും കൂടി. കഴിഞ്ഞ മാസം വരെ 200 രൂപയുണ്ടായിരുന്ന കിളിമീന്‍ വില വലിപ്പമനുസരിച്ച് 380 രൂപ വരെയായി. അയലയുടെ വില 340ല്‍ എത്തി. വലിയ മത്തി കിലോയ്‌ക്ക് വില 300 -320 കൊടുക്കണം.
ചെമ്പല്ലി - 300, ചൂര -300- 360, കണ്ണി അയല -260, കിളി -380, വിളക്കുട്ടി -500, സിലോപ്പിയ - 200, വാള -220, പുല്ലന്‍ -160, മങ്കട -240, പൂമീന്‍ -300, കുറുവാ -240 എന്നിവങ്ങനെ പോകുന്ന ചെറുമീന്‍ വില. വിവിധ സ്‌ഥലങ്ങള്‍ തമ്മില്‍ 20 -40 രൂപയുടെ വ്യത്യാസമുണ്ടാകാം.
ചെമ്മീന് 580 രൂപ വരെയായി. പീസ് മീനുകള്‍ക്കെല്ലാം വന്‍ വിലകയറ്റമാണ്. വിള - 660, കേര -560, തള -580, മോദ -580, കാളാഞ്ചി -960, ആയിരംപല്ലി -620 എന്നിങ്ങനെ പോകുന്നു വില. മിക്ക മാര്‍ക്കറ്റുകളിലും ആവശ്യത്തിനു മീന്‍ ലഭ്യമാകുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു.. മത്തി അയല, കിളി തുടങ്ങിയ സാധാരണ മീനുകള്‍ മാത്രമേ ഇവിടെ കിട്ടുന്നുള്ളൂ. ഇത്തരത്തില്‍ ലഭിക്കുന്ന ചെറിയ മത്തി മാത്രം 100 രൂപയ്‌ക്കു ലഭിക്കും.ജില്ലയിലേക്ക് നീണ്ടകര, ആയിരംതെങ്ങ്, ആലപ്പുഴ, തുമ്പോളി മാര്‍ക്കറ്റുകളില്‍ നിന്നാണ് മത്സ്യം എത്തിക്കുന്നത്. പലപ്പോഴും ഈ മാര്‍ക്കറ്റുകളില്‍ മീന്‍ വാങ്ങാന്‍ പോയിട്ട് വെറും കൈയ്യോടെ വ്യാപാരികള്‍ മടങ്ങുകയാണ്.വില കുതിച്ചുയര്‍ന്നതോടെ മീന്‍ വിഭവങ്ങള്‍ വിളമ്പുന്ന ചെറുകിട ഹോട്ടലുകളും പ്രതിസന്ധിയിലാണ്. ദിവസം തോറും മീന്‍ വാങ്ങുന്ന ഇനത്തില്‍ 500 രൂപയെങ്കിലും കൂടുതല്‍ ചെലവാക്കേണ്ടതായി വരുന്നു. വീടുകളിലെത്തി മീന്‍ കച്ചവടം ചെയ്യുന്നവരെയാണ് വില ഉയര്‍ന്നത് ഏറെ ദോഷകരമായി ബാധിച്ചു. പലരും കച്ചവടം താല്‍ക്കാലികമായി നിര്‍ത്തി.