-->
കോട്ടയം: ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വാഗ്‌ദാനം ചെയ്‌തത വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചതായി മന്ത്രി വി.എന്‍. വാസവന്‍. 2021 മുതല്‍ ഇതുവരെ മണ്ഡലത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ശേഷിക്കുന്ന വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാനാകും.
മണ്ഡലത്തില്‍ ഏറ്റവുമധികം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് കോട്ടയം മെഡിക്കല്‍ കോളജിലാണ്. 89 പദ്ധതികളിലൂടെ 1165 കോടി രൂപയുടെ വികസനമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഇവിടെ നടപ്പാക്കിയത്. ഇക്കാലയളവില്‍ ദേശീയ, രാജ്യാന്തര തലങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനും മെഡിക്കല്‍ കോളജിനു സാധിച്ചു.
എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കിയ മണ്ഡലമായി ഏറ്റുമാനൂരിനെ ഉടന്‍ പ്രഖ്യാപിക്കും. മണ്ഡലത്തില്‍ 121.825 കിലോമീറ്റര്‍ റോഡുകള്‍ ബി.എം.ബി.സി. നിലവാരത്തിലാക്കി. മെഡിക്കല്‍ കോളജ്-ഗാന്ധിനഗര്‍ റോഡ് ഉള്‍പ്പെടെ ഏഴു റോഡുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ 122 കോടി രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ചു.
ഏറ്റുമാനൂര്‍ മിനി സിവില്‍ സ്‌റ്റേഷന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചു.കാരിത്താസ് മേല്‍പ്പാലം, കുമരകം കോണത്താറ്റ് പാലം, അതിരമ്പുഴ ജംഗ്‌ഷന്‍ നവീകരണം എന്നിവ അഭിമാനകരമായ നേട്ടങ്ങളാണ്. പരിപ്പ് - തൊള്ളായിരം റോഡ്, മാന്നാനം പാലം എന്നിവയുടെ നിര്‍മാണം ആരംഭിക്കാനായി.മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ കായിക അടിസ്‌ഥാന സൗകര്യങ്ങള്‍ സജ്‌ജമാക്കാന്‍കഴിഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ് അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പുന്നൂസ്, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, മുന്‍ എം.എല്‍.എമാരായ വൈക്കം വിശ്വന്‍,സ്‌റ്റീഫന്‍ ജോര്‍ജ്, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളായ ബാബു ജോര്‍ജ്, കെ.ഐ. കുഞ്ഞച്ചന്‍, രാജീവ് നെല്ലിക്കുന്നേല്‍, ജോസ് ഇടവഴിക്കല്‍, വ്യാപാരി സംഘടനാ പ്രതിനിധികളായ എന്‍.വി. തോമസ്, ഇ.എസ്. ബിജു, ജില്ലാ സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ.എന്‍. വേണുഗോപാല്‍, ഫാ. മാണി പുതിയിടം, ഫാ. ജെയിംസ് മുല്ലശേരില്‍, ഫാ. ബിനു കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.