-->
മൂന്നാര്‍: തമിഴ് ജനതയുടെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. പുതുതായി ചുമതലയേറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്‌ഥരും ചേര്‍ന്നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ആഘോഷ പരിപാടികള്‍ പ്രസിഡന്റ് എസ്. വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രകൃതിയോടും സൂര്യദേവനോടും നന്ദി പറയുന്ന ഈ ഉത്സവം നാടിന്റെ ഐക്യവും സാഹോദര്യവും വിളിച്ചോതുന്നതാണെന്ന് വിജയകുമാര്‍ പറഞ്ഞു. പരമ്പരാഗതമായ രീതിയില്‍ പൊങ്കല്‍ പാന തയാറാക്കിയും മധുരം വിതരണം ചെയ്‌തുമാണ് ഭരണസമിതിയും ഉദ്യോഗസ്‌ഥരും ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. വൈസ് പ്രസിഡന്റ് ലക്ഷ്‌മി ചന്ദ്രശേഖര്‍, പഞ്ചായത്ത് സെക്രട്ടറി ഉദയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി പഞ്ചായത്ത് അംഗങ്ങള്‍, ഓഫീസ് ജീവനക്കാര്‍, രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവരും ഒത്തുകൂടി.