-->
രാജകുമാരി: പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പൊളിപ്പിച്ച റോഡ് മെമ്പര്‍ ഇടപെട്ട് ഗതാഗതയോഗ്യമാക്കി. രാജാക്കാട് ഇന്ത്യന്‍ ഓയില്‍ പമ്പിന് മുന്‍ഭാഗത്തുള്ള റോഡാണ് ടാര്‍ ചെയ്‌ത് ഗതാഗതയോഗ്യമാക്കിയത്. 2024 മെയ് മാസത്തിലാണ് രാജാക്കാട് പൊന്മുടി റോഡില്‍ പമ്പിന് സമീപം ഓടയിലെ മലിനജലം റോഡിലേക്ക് ഒഴുകുന്നത് മാധ്യമ വാര്‍ത്ത ആയതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് റോഡ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിപ്പിച്ചത്.
പമ്പുടമ പല പ്രാവശ്യം അവിടെ നിന്നും വെള്ളം ഒഴുക്കുന്നില്ല എന്നും ആദ്യം മുകള്‍ഭാഗം പരിശോധിച്ച ശേഷം പമ്പിന് മുന്‍പിലെ സ്ലാബ് മാറ്റി പരിശോധിക്കണമെന്ന് പറഞ്ഞെങ്കിലും പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് റോഡും,പമ്പിന്റെ ഉടമസ്‌ഥതയിലുള്ള ടൈല്‍ വിരിച്ച ഭാഗവുമടക്കം ഒരു വശത്തെ റോഡ് പൂര്‍ണമായി പൊളിക്കുകയും പൊളിച്ച ഭാഗം ശരിയായി മൂടാതെ മെറ്റലുകള്‍ ചിതറി തെറിച്ച് ഗതാഗതത്തിന് തടസം സൃഷ്‌ടിക്കുകയുമായിരുന്നു. പരിശോധനയില്‍ സമീപത്തെ ഹോട്ടലില്‍ നിന്നാണ് മലിനജലമൊഴുക്കുന്നത് എന്ന് കണ്ടെത്തുകയും ഓട പൂര്‍ണമായി മൂടുകയുമായിരുന്നു. ഇളക്കിയ ഭാഗം ശരിയായി ഉറപ്പിക്കാത്തതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ അവിടെ മറിഞ്ഞ് വീണ് പലര്‍ക്കും പരുക്കു പറ്റിയതിനെ തുടര്‍ന്ന് പമ്പുടമ പഞ്ചായത്തിലും, പൊതുമരാമത്ത് വകുപ്പിലും അറിയിച്ചെങ്കിലും നാളിതുവരെ നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ടൗണ്‍ വാര്‍ഡുമെമ്പര്‍ ജോഷി കന്യാക്കുഴിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഫണ്ട് സ്വരൂപിച്ച് ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കിയത്.