Saturday, March 14, 2026 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.40 AM

ദുരന്തബാധിതര്‍ ദേശീയപാത നിര്‍മാണ കമ്പനിയുടെ യാര്‍ഡ്‌ ഉപരോധിച്ചു

uploads/news/2026/01/821072/4.jpg

അടിമാലി: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ടൗണിന്‌ സമീപം ലക്ഷം വീട്‌ ഉന്നതിയില്‍ മലയിടിച്ചില്‍ ദുരന്ത ബാധിതര്‍ വ്യാഴാഴ്‌ച ദേശീയപാത നിര്‍മാണ കമ്പനിയുടെ യാര്‍ഡ്‌ ഉപരോധിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞ ആളുടെ കുടുംബത്തിനോ, വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്കോ, മറ്റ്‌ ദുരന്തബാധിതര്‍ക്ക്‌ സര്‍ക്കാര്‍ സഹായം ലഭ്യമാകാത്ത പശ്‌ചാത്തലത്തിലാണ്‌ സമരം. ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ നിര്‍മാണ കമ്പനിയുടെ അടിമാലി അമ്പലപ്പടിയിലെ യാര്‍ഡ്‌ ആണ്‌ ഉപരോധിച്ചത്‌. സൂചനാ സമരം എന്ന നിലയിലാണിത്‌.
സര്‍ക്കാര്‍ ദുരിത ബാധിതരെ നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരമെന്ന്‌ ഇവര്‍ പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബര്‍ 25-നാണ്‌ അപകടം സംഭവിച്ചത്‌. ദേശീയപാത നവീകരണം നടക്കുന്ന ഭാഗത്ത്‌ വലിയതോതില്‍ മലയിടിഞ്ഞ്‌ ഉന്നതിയിലെ വീടുകള്‍ക്ക്‌ മുകളിലേക്ക്‌ പതിക്കുകയായിരുന്നു. ഉന്നതിക്ക്‌ സമീപത്തുള്ള ഏതാനും വീടുകള്‍ ഉള്‍പ്പെടെയാണ്‌ അപകടത്തില്‍പ്പെട്ടത്‌. പ്രദേശവാസിയായ ബിജു മണ്ണടിയില്‍ കുടുങ്ങി മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിന്റെ കാല്‍ നഷ്‌ടപ്പെട്ടു. ഏഴു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നിരവധി വീടുകള്‍ അപകടഭീതിയിലും ആയി. നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചിട്ടും സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും സഹായങ്ങള്‍ നല്‍കാത്തത്‌ വലിയ പ്രതിഷേധങ്ങള്‍ക്ക്‌ കാരണമായിരുന്നു. മനുഷ്യനിര്‍മിത ദുരന്തം എന്ന പേരില്‍ സര്‍ക്കാര്‍ ദുരന്തബാധിതരെ അവഗണിച്ചു. ദുരന്ത സാധ്യതയെ മുന്നില്‍കണ്ട്‌ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ചെലവുകള്‍ എല്ലാം നിര്‍മാണ കമ്പനിയെ കൊണ്ട്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ വഹിപ്പിച്ചിരുന്നു. ആശുപത്രിയില്‍ കിടന്ന സിന്ധുവിന്‌ ആദ്യഘട്ടത്തില്‍ ചികിത്സാ ചെലവായി മൂന്നു ലക്ഷം രൂപയും നിര്‍മ്മാണ കമ്പനി നല്‍കി. കത്തിപ്പാറയിലെ വൈദ്യുതി വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ മാറ്റിയ എട്ടു കുടുംബങ്ങള്‍ക്ക്‌ ആവശ്യമായ ഗൃഹോപകരണങ്ങളും റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ കരാര്‍ കമ്പനി വാങ്ങി നല്‍കിയിരുന്നു. മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തിന്‌ കഴിഞ്ഞദിവസം ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ ഒരു ലക്ഷം രൂപയും കമ്പനി നല്‍കി. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും തിരികെ വീടുകളിലേക്ക്‌ പോകുമ്പോള്‍ ഒരു കുടുംബത്തിന്‌ 15,000 രൂപ വീതം അടിയന്തരമായി നല്‍കണമെന്നും ജില്ലാ ഭരണകൂടം നിര്‍മാണ കമ്പനിയോട്‌ ആവശ്യപ്പെട്ടിരുന്നു. ദുരിതബാധിതരായ കുടുംബങ്ങളെ വാടക വീടുകളിലേക്ക്‌ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മാറ്റിയിരുന്നു.
ഇവരുടെ പ്രതിമാസ വാടകകളും ദേശീയപാതാ നിര്‍മാണ കമ്പനി നല്‍കണമെന്ന്‌ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. ഇവ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ്‌ ഇപ്പോഴത്തെ സമരം. എന്നാല്‍ അപകടം നടന്ന മേഖല റെഡ്‌ സോണ്‍ ആയി കഴിഞ്ഞവര്‍ഷം അവസാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണെന്നും ഇവിടെയുള്ള ജനങ്ങളെ സംരക്ഷിക്കേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നു മുളള നിലപാടിലാണ്‌ കരാര്‍ കമ്പനി. കരാര്‍ കമ്പനിയുടെ ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ നിന്നും ദുരിതബാധിതര്‍ക്ക്‌ സഹായം ലഭ്യമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്‌. ഇതും വൈകുന്ന പശ്‌ചാത്തലത്തിലാണ്‌ ദുരന്തബാധിതര്‍ സമരവുമായി രംഗത്തെത്തിയത്‌. പ്രതിഷേധ സമരത്തില്‍ ജനപ്രതിനിധികളും വിവിധ രാഷ്ര്‌ടീയ നേതാക്കളും പങ്കെടുത്തു.

Ads by Google
Advertisement
Friday 16 Jan 2026 10.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW