-->
അറക്കുളം: കുടിവെള്ള പൈപ്പിലെ കാറ്റിനും കാശ് അടക്കേണ്ട ഗതികേട്. അറക്കുളം പതിനാലാം വാര്‍ഡിലെ ജനങ്ങളാണ് കാറ്റിനു ബില്‍ അടച്ചുവലയുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്കിനു താഴെയുള്ള കണക്ഷനുകളില്‍ വരെയും പൈപ്പില്‍ വെള്ളത്തിന് പകരം കാറ്റാണ് വരുന്നത്.
അതിശക്‌തമായ കാറ്റ് പൈപ്പിലൂടെ വരുന്നതുമൂലം ഉപഭോക്‌താക്കള്‍ വെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ തെറിച്ചുപോകുന്ന സാഹചര്യം ഉള്ളതിനാല്‍ കയറിട്ടു കെട്ടി നിര്‍ത്തിയിരിക്കുകയാണ്.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍ വെള്ളത്തിനു പകരം കൂടുതല്‍ സമയവും കാറ്റാണ് വരുന്നത്. ഇത് മൂലം മീറ്റര്‍ സ്‌പീഡില്‍ കറങ്ങുകയും അമിത ബില്‍ വരികയും ആയിരുന്നു.
മിനിമം രൂപ ബില്ല് വന്ന സ്‌ഥലത്ത് 2000 ഉം 3000 ഉം വരെ ആണ് ബില്ല് വരുന്നത്. നാട്ടുകാര്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ബിജു കാനകാടന്‍ സ്‌ഥലത്ത് പോയി പരിശോധിക്കുകയും ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി എന്‍ജിനീയറെ വിളിച്ച് വിവരം പറയുകയും ചെയ്‌തു.
എന്‍ജിനീയര്‍ സ്‌ഥലത്ത് വന്നു പരിശോധന നടത്തി പൈപ്പ്‌ലൈന്‍ മാറ്റി സ്‌ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
കുറെ നാളുകളായി ജനങ്ങള്‍ അമിത് ബില്‍ അടച്ചു വരികയായിരുന്നു.