-->
കായംകുളം: സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ മറ്റു സമുദായങ്ങളെ ഇകഴ്‌ത്തുന്ന പ്രവണത പാടില്ലെന്നും മനോവേദന എല്ലാവര്‍ക്കും ഒന്നാണെന്ന് തിരിച്ചറിയണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയ്‌ക്ക് കായംകുളത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യര്‍ക്കും സ്‌പന്ദിക്കുന്ന ഒരു ഹൃദയ മുണ്ട്. ചില താല്‍പര്യങ്ങള്‍ക്കു വേണ്ടി മറ്റുള്ളവരെ മുറിപ്പെടുത്തുന്ന സമീപനം ഉണ്ടാകരുത്. വിശ്വമാനവബോധമാണ് ഇസ്ലാമിന്റെ അടിസ്‌ഥാന ദര്‍ശനം. മതം നല്ല മനുഷ്യനിലേക്കുള്ള സഞ്ചാരമാണ്. മനുഷ്യസാഹോദര്യത്തിന് ജീവിതം ഉഴിഞ്ഞുവെച്ച ശ്രീനാരായണ ഗുരുവിനെ ഈ ഘട്ടത്തില്‍ ഓര്‍ക്കുകയാണെന്നും കാന്തപുരം പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജ് ഒഴിച്ചുനിര്‍ത്തിയാല്‍ ജില്ലയുടെ ആരോഗ്യമേഖലയില്‍ ഉന്നത ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ ശൂന്യതയുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.പുതിയവീട്ടില്‍ അബ്‌ദുല്ല മുസ്ലിയാര്‍ നഗറില്‍ നടന്ന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. എ.ത്വാഹ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി. യാത്രാ ഉപനായകരായ ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പേരോട് അബ്‌ദുല്‍ റഹ്‌മാന്‍ സഖാഫി, എം.എല്‍.എമാരായ എച്ച് സലാം, എം.എസ് അരുണ്‍ കുമാര്‍, മുന്‍ എം.പി എ.എം ആരിഫ്, കായംകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ ശരത് ലാല്‍ ബെല്ലാരി, എച്ച്. ബഷീര്‍ കുട്ടി, മുട്ടം നാസര്‍, ഷെയ്‌ഖ് പി ഹാരിസ്, എ.ജെ ഷാജഹാന്‍, അഡ്വ. ഇ സമീര്‍, എ എ ഹകീം തുടങ്ങിയവര്‍ പ്രസംഗിച്ചു.