-->
ചാരുംമൂട്: എം.ഡി.എം.എ പിടികൂടിയ ജിംനേഷ്യം ഉടമയുടെ ബാങ്ക് അക്കൗണ്ടിലെ അരലക്ഷം രൂപ കണ്ടു കെട്ടി. ലഹരി മാഫിയയ്‌ക്കെതിരേ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ശക്‌തമായ നീക്കങ്ങളുടെ ഭാഗമായാണ് നടപടി. നൂറനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട പാലമേല്‍ കൈലാസം വീട്ടില്‍ അഖില്‍ നാഥ്. ജി (31), എന്നയാളിന്റെ പേരിലുളള ബാങ്ക് അക്കൗണ്ടിലെയും ജിംനേഷ്യം അക്കൗണ്ടിലെയും അര ലക്ഷം രൂപയുടെ ബാലന്‍സ് തുക സഫേം നിയമ പ്രകാരമാണ് കണ്ട് കെട്ടിയത്.
നൂറനാട് പടനിലം ഭാഗത്ത് 2019 മുതല്‍ പവര്‍ ഹൗസ് എന്ന പേരില്‍ ജിംനേഷ്യം നടത്തി വരുന്നയാളാണ് അഖില്‍ നാഥ്. കൂടാതെ ഒരു വര്‍ഷമായി കുടശനാട്ടും ജിംനേഷ്യം നടത്തുന്നുണ്ട്. ജിംനേഷ്യങ്ങളില്‍ വ്യായാമത്തിനെത്തുന്ന യുവാക്കളേയും യുവതികളേയും ആദ്യം ഇയാളുടെ വീട്ടില്‍ നടത്തുന്ന പാര്‍ട്ടികള്‍ക്ക് ക്ഷണിച്ച് രാസലഹരി നല്‍കുകയും തുടര്‍ന്ന് ആവശ്യം അനുസരിച്ച് സൗജന്യമായി ലഹരി വസ്‌തു എത്തിച്ചു കൊടുക്കുകയും പിന്നീട് ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാല്‍ വന്‍തുക വാങ്ങി വില്‍പ്പന നടത്തുകയുമാണ് ഇയാളുടെ രീതി.
രാസലഹരിക്ക് അടിമയായ ഇയാളും ജിം ട്രെയിനറായ സുഹൃത്ത് വിന്‍രാജും പിടിയിലായിരുന്നു.
ഇവര്‍ക്ക് രാസലഹരി വില്‍പ്പന നടത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ജാബിദ് എന്‍.എം (31) കോഴിക്കോട് സ്വദേശി മുഹമ്മദ് സഹല്‍ (22) എന്നിവരെ നവംബര്‍ 16ന് നൂറനാട് പോലീസ് ഇന്‍സ്‌പെക്‌ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തിരുന്നു. കൂടാതെ ഈ ലഹരി ഇടപാടിലെ മുഖ്യ കണ്ണിയായ നൈജീരിയന്‍ സ്വദേശി മുഹമ്മദ് ജാമിയു അബ്‌ദുള്‍ റഹീം (24) എന്നയാളെയും കഴിഞ്ഞ ആഴ്‌ച്ച അറസ്‌റ്റ് ചെയ്യുകയുണ്ടായി.
ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം നൂറനാട് ഇന്‍സ്‌പെക്‌ടര്‍ എസ്. ശ്രീകുമാര്‍ എന്‍.സി.പി.എസ് നിയമത്തിലെ പ്രത്യേക വകുപ്പു പ്രകാരം നടത്തിയ അന്വേഷണത്തില്‍ രാസലഹരി വില്‍പ്പനയിലൂടെ അഖില്‍ നാഥ് ആര്‍ജിച്ച അരലക്ഷം രൂപ ഇയാളുടെ പേരിലും പവര്‍ ഹൗസ് ജിംനേഷ്യത്തിന്റെ പേരിലും ഉളള ബാങ്ക് അക്കൗണ്ടുകളില്‍ ബാലന്‍സ് ഉളളതായി കണ്ടെത്തി.
ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് യാതൊരു തെളിവുകളും ഹാജരാക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 18ന് ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
തുടര്‍ന്ന് അക്കൗണ്ട് തുക കണ്ടുകെട്ടല്‍ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാറിന്റെ ധനകാര്യ മന്ത്രാലയത്തിനു കീഴിലുളള റവന്യൂ വകുപ്പിന്റെ ചെന്നൈ ആസ്‌ഥാനമായുളള ട്രിബ്യൂണലിന് തെളിവു രേഖകള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ലഹരിക്കടത്തുകാരനായ ഷൈജുഖാന്‍ എന്നയാളുടെ 17.5 സെന്റ് വീടും സ്‌ഥലവും സമാനമായി കണ്ടുകെട്ടിയിരുന്നു.