-->
പത്തനംതിട്ട: മാരാമണ്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി എട്ട് മുതല്‍ 15 വരെ മാരാമണ്‍ പമ്പ മണപ്പുറത്ത് നടക്കുന്ന കണ്‍വന്‍ഷന്‍ ക്രമീകരണം വിലയിരുത്താന്‍ കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. സമ്മേളന നഗരിയില്‍ മഫ്‌തിയിലും സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്കായി വനിതാ പോലിസിനെയും ക്രമീകരിക്കും. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി, നെടുമ്പ്രയാര്‍ ഉള്‍പ്പെടെ പ്രധാന കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്‌ഥാപിക്കും. കണ്‍വന്‍ഷന്‍ നഗറിലെ താല്‍ക്കാലിക നടപ്പാലം, അപ്രോച്ച് റോഡ് എന്നിവയുടെ സുരക്ഷ പരിശോധിക്കും. നദിയിലെ ജലനിരപ്പ് ആവശ്യമെങ്കില്‍ ക്രമീകരിക്കും. കണ്‍വന്‍ഷന്‍ നഗറിലും മാരാമണ്‍, കോഴഞ്ചേരി പ്രദേശങ്ങളിലും തടസം കൂടാതെയുള്ള വൈദ്യതി വിതരണം കെഎസ്‌ഇബി ഉറപ്പാക്കും. തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കും.
കണ്‍വന്‍ഷന്‍ നഗറില്‍ താല്‍ക്കാലിക ഡിസ്‌പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ആരോഗ്യവകുപ്പ് ക്രമീകരിക്കും. കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. കണ്‍വന്‍ഷന്‍ നഗറില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനം നടത്തും. സ്‌കൂബ ഡൈവിംഗ് ടീമിന്റെ സേവനം ഉണ്ടാകും. കണ്‍വന്‍ഷന്‍ നഗറില്‍ 24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കും. സ്‌പെഷ്യല്‍ സര്‍വീസ് ക്രമീകരിക്കും. തിരുവല്ല ഭാഗത്തേക്ക് പ്രത്യേക രാത്രി സര്‍വീസും ഉണ്ടാകും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് തിരുവല്ല സബ്‌കലക്‌ടര്‍, അടൂര്‍ ആര്‍.ഡി.ഒ എന്നിവരെ നിയോഗിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കലക്‌ടര്‍ എസ്. പ്രേം കൃഷ്‌ണന്‍, ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, തിരുവല്ല സബ് കലക്‌ടര്‍ സുമിത് കുമാര്‍ താക്കൂര്‍, മാര്‍ത്തോമ്മ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ, എ.ഡി.എം ബി ജ്യോതി, ഡെപ്യൂട്ടി കലക്‌ടര്‍ ആര്‍ രാജലക്ഷ്‌മി എന്നിവര്‍ പങ്കെടുത്തു.