-->
കോട്ടയം: വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ടാണെന്നു സിപി.എം സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കെഎസ്‌ടിഎ സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര പഴയ ബസ്സ്റ്റാന്‍ഡ് മൈതാനത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണവും കേരള ബദലും വിഷയത്തിലുള്ള സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎം ശ്രീയില്‍ മെച്ചപ്പെടുത്തേണ്ട ഒരു സ്‌കൂളും കേരളത്തിലില്ല. അതിനേക്കാളും മെച്ചപ്പെട്ടതാണ് ഇവിടത്തെ സ്‌കൂളുകള്‍. വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ മതത്തിനും വിശ്വാസത്തിനും എതിരാണെന്നു പ്രചരിപ്പിക്കുന്നു. വിശ്വാസികളെ ചേര്‍ത്തുനിര്‍ത്തി വേണം വര്‍ഗീയതയെ പ്രതിരോധിക്കാനെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
കാവിവല്‍ക്കരണം എല്ലാ പുരോഗമന സ്വാഭാവങ്ങളെയും നിഷേധിക്കുന്നതാണ്. അതിനവര്‍ ആധുനിക രൂപം നല്‍കുന്നു. ആദ്യത്തെ വിമാനം പുഷ്‌ക വിമാനമെന്നു പറയുന്നു. പ്ലാസ്‌റ്റിക്ക് സര്‍ജറി ആദ്യം നടന്നത് ഗണപതിയിലെന്നു പറയുന്നു. ശാസ്‌ത്രത്തിനും ചരിത്രത്തിനും പകരം പുരാണങ്ങളെ മുന്നില്‍ വെക്കുകയാണ്. പദവികള്‍ ലക്ഷ്യമിടുന്ന ശാസ്‌ത്രജ്‌ഞരും വിദഗ്‌ധരും ഇതിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു. ഗോമൂത്രവും ചാണവും ഏറ്റെടുക്കുമെന്നാണ് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. ഇവയുടെ അനന്തസാധ്യതകള്‍ കണ്ടെത്താന്‍ ലാബോട്ടറികള്‍ സ്‌ഥാപിക്കുമെന്നു പറയുന്നു. ഗോമാതാവിന്റെ പേരിലുള്ള ഇതു മതധ്രുവീകരണമുണ്ടാക്കാനാണ്.
കേരളത്തിന്റെ വിദ്യാഭ്യാസ ബദല്‍ തകര്‍ക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ ടി.ആര്‍ രഘുനാഥന്‍ അധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, കെ.എസ.്‌ടി.എ സംസ്‌ഥാന പ്രസിഡന്റ് ഡി സുധീഷ്, സംസ്‌ഥാന ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബിനു എബ്രഹാ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ലോഗൊ എം.വി ഗോവിന്ദന്‍ പ്രകാശിപ്പിച്ചു.