-->
കോട്ടയം: ജോസ് കെ.മാണിയുടെ മറുപടിയോടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കു താത്‌കാലിക വിരാമമായെങ്കിലും നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അയവില്ലാതെ ചര്‍ച്ചകള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ പേരിലാണു ചര്‍ച്ചകളും വാഗ്വാദങ്ങളും പൊടിപൊടിക്കുന്നത്. സീറ്റ് ആഗ്രഹിക്കുന്നവരും സീറ്റ് നഷ്‌ടമാകുമെന്ന് ഭയക്കുന്നവരും അണികളുമെല്ലാം തുടരെ തുടരെ പോസ്‌റ്റിട്ട് വിഷയം സജീവമായി നിലനിര്‍ത്തുകയാണ്.
ജോസ് പക്ഷം എല്‍.ഡി.എഫില്‍ തുടര്‍ന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ജില്ലയില്‍ അഞ്ചു സീറ്റുകളില്‍ മത്സരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് യു.ഡി.എഫിലെ നിരവധി പേര്‍ കരുക്കള്‍ നീക്കിയിരുന്നു. കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളില്‍ നിന്നുള്ള ഇവര്‍ സീറ്റിനായി സര്‍വ തന്ത്രങ്ങളും പയറ്റുന്നതിനിടെയാണ് ജോസ് വിഭാഗം യു.ഡി.എഫിലേക്ക് എന്ന പ്രചാരണമുണ്ടാകുന്നത് ഇതോടെ ഇവരില്‍ പലരും അനുനായികളും കേരളാ കോണ്‍ഗ്രസിന്റെ പേര് പറയാതെ പരോക്ഷമായി ജോസ് വിഭാഗത്തെ എതിര്‍ത്ത് പോസ്‌റ്റുകളുമായി രംഗത്തെത്തുകയായിരുന്നു.
എല്‍.ഡി.എഫില്‍ തുടര്‍ന്നാലും യു.ഡി.എഫില്‍ എത്തിയാലും ജോസ് വിഭാഗത്തിനായി കടുത്തുരുത്തിയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരും പോസ്‌റ്റുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇത് വരെ സീറ്റ് മോഹം വേണ്ടെന്നു കരുതിയിരുന്ന ജോസ് വിഭാഗത്തിലെ ചിലരും യു.ഡി.എഫിലേക്ക് എന്ന പ്രചാരണത്തിനു പിന്നാലെ സീറ്റിനായി ചരടുവലികള്‍ ആരംഭിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, മുന്നണി മാറ്റത്തിന് താത്‌കാലിക വിരാമം മാത്രമാണുണ്ടായിരിക്കുന്നതെന്നും തുടര്‍ നീക്കങ്ങളുണ്ടാകുമെന്നുമുള്ള ധാരണയില്‍ ഇവര്‍ ശ്രമങ്ങള്‍ തുടരുകയാണ്. പ്രചാരണങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് വാക്ക് പോരാട്ടവും സമൂഹ മാധ്യങ്ങളില്‍ സജീവമായിരുന്നു. ജോസ് വിഭാഗത്തിന്റെ വരവിനെ എതിര്‍ത്ത് നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് ഫേസ്‌ബുക്കില്‍ ഉള്‍പ്പെടെ പ്രതികരണം രേഖപ്പെടുത്തിയത്. യു.ഡി.എഫിനു വിജയസാധ്യത നിലനില്‍ക്കേ, കോണ്‍ഗ്രസ് നേതൃത്വം അനാവശ്യ നീക്കം നടത്തുന്നുവെന്നും ജോസ് വിഭാഗം മുന്നണിയില്‍ എത്തിയാല്‍ പരസ്യ പ്രതികരണമുണ്ടാകുമെന്നുമുള്ള കുറിപ്പുകളായിരുന്നു ഏറെയും. കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്നണി വിടില്ലെന്ന രീതിയില്‍ കുറിപ്പുകളുമായി എത്തിയെങ്കിലൂം നീക്കം സംബന്ധിച്ച് വ്യക്‌തതയുണ്ടാകാതിരുന്നതിനാല്‍ എണ്ണം കുറവായിരുന്നു.