-->
മൂന്നാര്‍: തൈ പിറന്താല്‍ വഴിപിറക്കും തൈമാസം. മകരം ഒന്ന് വന്നാല്‍ വഴി തെളിയു മെന്ന തമിഴ്‌വംശജരുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന കാര്‍ഷിക ഉത്സവമായ പൊങ്കലിനെ വരവേല്‍ക്കാന്‍ തമിഴ്-മലയാള ഭാഷാ സംസ്‌കാരം ചേര്‍ന്നുകിടക്കുന്ന ജില്ലയുടെ പ്രധാന കേന്ദ്രമായ മൂന്നാര്‍ ഒരുങ്ങി.
മലയാളിക്ക് ഓണം എങ്ങനെയാണോ അതുപോലെയാണ് തമിഴ്‌നാട്ടുകാര്‍ക്ക് പൊങ്കല്‍. എന്നാല്‍ മൂന്നാറില്‍ ഓണവും പൊങ്കലും എല്ലാം എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെയാണ് ആഘോഷിക്കുന്നത്.
തമിഴ് മാസമായ മാര്‍ഗഴി അവസാനത്തോടെ തുടങ്ങി തൈമാസപ്പിറവിയോടെയാണ് പൊങ്കല്‍ ആഘോഷം. പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ ഇന്ന് മകരം ഒന്നിന് വ്യാഴാഴ്‌ചയാണ് ആഘോഷിക്കുന്നത്. ബുധനാഴ്‌ച കാപ്പുകെട്ടല്‍ ചടങ്ങോടെയാണ് പൊങ്കലിന് തുടക്കമായാത്. വീടും കാലിത്തൊഴുത്തും വൃത്തിയാക്കി എരിക്കില, മാവില, കുരുത്തോല, എന്നിവകൊണ്ട് കാപ്പുകെട്ടി കോലമിട്ട് ലക്ഷ്‌മീദേവി വരവേല്‍ക്കുന്നു.
പിന്നാലെ പ്രധാന ആകര്‍ഷണമായ തൈപ്പൊങ്കല്‍. ഇന്ന് രാവിലെ തന്നെ വീടുകളില്‍ പൊങ്കല്‍വയ്‌പ്പ് നടക്കും. സൂര്യദേവനെ അനുസ്‌മരിക്കുന്ന വഴിപാടാണ് നടക്കുക. വെള്ളിയാഴ്‌ച മാട്ടുപ്പൊങ്കല്‍ ഭൂമിദേവിയെയും വയലില്‍ പണിയെടു ക്കുന്ന കന്നുകാലികളെയും ആദരിക്കുന്ന ചടങ്ങാണ്. മാടുകളെ കുളിപ്പിച്ച് പട്ടു വസ്‌ത്രങ്ങള്‍ അണിയിച്ച് വയലില്‍ എത്തിച്ച് നിവേദ്യം നല്‍കും. തുടര്‍ന്ന് ഗോപൂജയും നടത്തും. പൂപൊങ്കല്‍ അഥവാ കാണുംപൊങ്കല്‍ സ്‌ത്രീകളുടെ ആഘോഷമായി പറയുന്നുണ്ടെങ്കിലും ഉഴവര്‍ തിരുനാള്‍ അഥവ കര്‍ഷക ദിനമായും ആഘോഷിക്കുന്നു. കര്‍ഷകര്‍ ഇവരുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ സമ്മാനം നല്‍കും. ഇതോടെയാണ് പൊങ്കല്‍ ഉത്സവം സമാപിക്കുന്നത്.
പൊങ്കല്‍ ആഘോഷമാക്കുന്നതിന് തമിഴ്‌നാട്ടില്‍നിന്നും എത്തിക്കുന്ന കരിമ്പും കൂരപ്പൂവും വാങ്ങാന്‍ വിവിധ എസ്‌റ്റേറ്റുകളില്‍നിന്നും നിരവധി തൊഴിലാളികളാണ് മൂന്നാര്‍ ടൗണിലെത്തിയത്.
എല്ലാ വര്‍ഷവും സ്വകാര്യ തേയില കമ്പനി പൊങ്കലിന് തൊഴിലാളികള്‍ക്ക് അവധിയും നല്‍കാറുണ്ട്. ഇതോടെ മൂന്നാര്‍ ആഘോഷതിമിര്‍പ്പിലാകും.