-->
നെടുങ്കണ്ടം: കളികളത്തിന്റെ പേരില്‍ കലങ്ങിമറിയുകയാണ് കരുണാപുരത്തെ സി.പി.എം രാഷ്ര്‌ടീയം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ്. മേധാവിത്വം ഉറപ്പിച്ചെങ്കിലും പഴയ കോട്ട തിരിച്ച് പിടിച്ച് കരുത്ത് തെളിയിച്ചാണ് ഇടത് മുന്നണി കരുണാപുരത്ത് പിടിച്ച് നിന്നത്. എന്നാല്‍ സ്‌ഥാനാര്‍ഥി നിര്‍ണയത്തിലടക്കം സി.പി.എമ്മില്‍ ഉടലെടുത്ത ഭിന്നത മറനീക്കി പുറത്ത് വരുന്ന കാഴ്‌ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളിലൂടെ വിലയിരുത്തപെടുന്നത്. കൂട്ടാറില്‍ പഞ്ചായത്ത് ഓഫീസിന് മുമ്പിലെ കളികളത്തില്‍ വോളിബോള്‍ കളിച്ചിരുന്ന ഒരുകൂട്ടം യുവാക്കള്‍ക്ക് നേരെ നടപടിയെടുത്തതോടെയാണ് സി.പി.എമ്മിനുള്ളിലെ ചേരിതിരിവ് പുറത്ത് വന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ജയിക്കാവുന്ന ചില സീറ്റുകളില്‍ സ്‌ഥാനാര്‍ ഥികളെ നിശ്‌ചയിക്കുന്നതില്‍ സി.പി.എം ഏരിയ നേതാവ് അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് മറുഭാഗം അന്നുമുതല്‍ ആരോപിക്കുന്നത്. അതിനാല്‍ സ്‌ഥിരമായി വിജയിച്ച് വന്നിരുന്ന ഈവാര്‍ഡുകള്‍ പരാജയപെടുകയും ചെയ്‌തു. പഞ്ചായത്തില്‍ കോണ്‍ഗ്രസ് സംഘടന സംവിധാനം പാളിയത് കൊണ്ടാണ് ഭരണം ലഭിച്ചത് എന്നാണ് ഇവര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഭരണം ലഭിച്ചതോടെ ഏരിയാ നേതാവ് അനാവശ്യമായി ഭരണത്തില്‍ ഇടപ്പെട്ട് പാര്‍ട്ടി തന്നെ ഭരിക്കുന്ന അക്ഷര പബ്ലിക് ലൈബ്രറിയിലെ യുവാക്കള്‍ക്ക് നേരെ തിരിയുകയാണന്നാണ് ആക്ഷേപം. യു.ഡി.എഫ് ഭരിച്ചപ്പോള്‍ പോലും ഇല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നത് പാര്‍ട്ടിയിലെ ചേരിതിരിവിന്റെ ഉദാഹരണമാണ്. പാര്‍ട്ടിക്ക് ശക്‌തമായ അടിത്തറയുള്ള കൂട്ടാറ്റില്‍ പ്രാദേശിക നേതൃത്വവും അനുഭാവികളും പാര്‍ട്ടി നേതൃത്വത്തിന് എതിരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാമ്പാടുംപാറ ഏഴാം വാര്‍ഡും കരുണാപുരം 17-ാം വാര്‍ഡും പരാജയപ്പെട്ടത് ഈ ചേരിതിരിവ് മൂലമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ ഉണ്ടായ ഭിന്നിപ്പ് രൂക്ഷമാകുകയാണ്. കഴിഞ്ഞ കാല സംഭവവികാസങ്ങളുടെ പേരില്‍ ചിലര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് അടിത്തറ ഇളക്കി പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രക്ഷോഭം തുടരുന്നുന്നത് മുന്‍ പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടി നേതാക്കളും അടക്കം തെരുവിലിറങ്ങിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.