-->
നെടുങ്കണ്ടം: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്‌ഥാനം മാറിയപ്പോള്‍ ഉടുമ്പന്‍ചോലയില്‍ ഇത്തവണ കോണ്‍ഗ്രസ് ക്യാമ്പില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു.
മുമ്പെന്നത്തെക്കാളും മുന്നൊരുക്കങ്ങളും പുരോഗമിക്കുകയാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി തുടര്‍ച്ചയായി സി.പി.എം. ഉരുക്കുകോട്ടയായി നിലനിര്‍ത്തുന്ന ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ ഇത്തവണ കോട്ട തകര്‍ത്ത് മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തും ഇടത് മുന്നണി ഭരണം നേടിയപ്പോള്‍ അന്ന് സ്‌ഥാനാര്‍ഥി മോഹികളായിട്ടുള്ളവര്‍ പിന്നോട്ട് വലിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ മണ്ഡലത്തിലെ സ്‌ഥിതിയാകെ മാറിയതോടെ സ്‌ഥാനാര്‍ഥിത്വത്തിനായി അര ഡസനിലധികം പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
പത്തില്‍ അഞ്ച് പഞ്ചായത്ത് ഇത്തവണ് യു.ഡി.എഫ് പിടിച്ചെടുത്തു. രാജകുമാരിയില്‍ ഒപ്പത്തിനൊപ്പവും 27 വര്‍ഷത്തിന് ശേഷം രാജക്കാട് പഞ്ചായത്ത് യു.ഡി.എഫ്. പിടിച്ചെടുത്തതുമാണ് കോണ്‍ഗ്രസ് ക്യാമ്പ് ഉണരാന്‍ കാരണം. മണ്ഡലത്തിലാകെ യു.ഡി.എഫ് തരംഗമാണന്നാണ് നേതാക്കള്‍ പറയുന്നത്. ഇതോടെ സ്‌ഥാനാര്‍ഥികളാകാന്‍ നേതാക്കള്‍ ചരട് വലികള്‍ തുടങ്ങി. സംസ്‌ഥാനത്ത് ഗ്രൂപ്പടിസ്‌ഥാനത്തില്‍ സീറ്റുകള്‍ വീതം വച്ചാല്‍ ഇത് ഐ ഗ്രൂപ്പിനുള്ള സീറ്റാണ്. കഴിഞ്ഞതവണ പ്രമുഖ എ ഗ്രൂപ്പ് നേതാവ് മത്സരിക്കാന്‍ തയ്യാറായിരുന്നെങ്കിലും സീറ്റ് വിട്ട് നല്‍കേണ്ടന്ന തീരുമാനത്തിലാണ് അന്ന് ഇ.എം. ആഗസ്‌തിയെ കളത്തിലിറക്കിയത്. സീറ്റ് ഐ ഗ്രൂപ്പ് നിലനിര്‍ത്തിയാല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറിനാണ് സാധ്യത മുമ്പ് മണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട് എന്നതും മണ്ഡലത്തില്‍ ചിരപരിചിതനാണന്നതും പ്രവര്‍ത്തകര്‍ക്കിടയിലെ സ്വീകാര്യതയും കല്ലാറിന് ഗുണകരമാകും.
അതേ സമയം സംസ്‌ഥാനത്ത് കെ.സി. വേണുഗോപാല്‍ ഗ്രൂപ്പ് ശക്‌തമായതോടെ മണ്ഡലം കെ.സി പക്ഷം പിടിച്ചാല്‍ കെ.പി.സി.സി മീഡിയ വക്‌താവ് സേനാപതി വേണു, കെ.പി.സി.സി സെക്രട്ടറി എം.എന്‍ ഗോപി, എന്നിവരും പരിഗണിക്കപ്പെടും. 2016 ല്‍ ചെറിയ ഭൂരിപക്ഷത്തിലാണ് സേനാപതി വേണു പരാജയപെട്ടത്. എന്നാല്‍ കഴിഞ്ഞ തവണ ഇദ്ദേഹം മത്സര രംഗത്ത് എത്തിയിരുന്നില്ല. നെടുങ്കണ്ടം അര്‍ബന്‍ ബാങ്ക് പ്രസിഡന്റായ എം.എന്‍ ഗോപി ദീര്‍ഘനാളായി സജീവ രാഷ്ര്‌ടീയ രംഗത്തുണ്ട് ഡി.സി.സി പ്രസിഡന്റ് സ്‌ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ടതും ഗോപിക്ക് ഗുണ കരമാകും. ഗ്രൂപ്പുകള്‍ പരിഗണിക്കപ്പെടാതിരുന്നാല്‍ ഡി.സി.സി. വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍, ജനറല്‍ സെക്രട്ടറിമാരായ ജി. മുരളീധരന്‍, ബിജോ മാണി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. യുവാക്കള്‍ക്ക് മുന്‍ഗണ നല്‍കിയാല്‍ മുകേഷ് മോഹന്റെ പേരിനാണ് മുന്‍തൂക്കം വിവിധ സര്‍വ്വേകളിലും മുകേഷിനാണ് വിജയസാധ്യത കല്‍പ്പിക്കുന്നത്.
മൂന്നുതവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചതും മുകേഷിന് ഘടകമാകും. 20 വര്‍ഷം വലിയതോവാള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പത്ത് വര്‍ഷം നെടുങ്കണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, സ്‌പൈസസ് ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് മികവ് തെളിയിച്ച ജീ. മുരളീധരനും ലിസ്‌റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഭൂവിഷയങ്ങളിലടക്കം കൃത്യമായ പഠനം നടത്തി വിഷയങ്ങളില്‍ ഇടപെടുന്ന ബിജോ മാണിക്ക് പൊതു സ്വീകാര്യത കൂടുതലാണ്.
ഈ വിഷയങ്ങളില്‍ ബിജോയുടെ ഇടപെടല്‍ കര്‍ഷകര്‍ക്കിടയില്‍ കാര്യങ്ങള്‍ പഠിക്കുന്ന യുവ നേതാവെന്ന ഖ്യാതിയുണ്ട് വിജയ സാധ്യതയും, യുവ പ്രാതിനിത്യവും പരിഗണിച്ചാല്‍ ബിജോ മാണിക്ക് പ്രഥമ പരിഗണന ലഭിച്ചേക്കും. ഇത്രയും പേരുകള്‍ പരിഗണിച്ചാലും ഈ മാസം അവസാനത്തോടെ മണ്ഡലത്തിലെ സാധ്യതാ ലിസ്‌റ്റിലേക്ക് എല്ലാ ഘടകങ്ങളും പരിഗണിച്ച് മൂന്ന് പേരിലേക്ക് ചുരുക്കും. ഈ ലിസ്‌റ്റായിരിക്കും സ്‌ക്രീനിങ് കമ്മിറ്റിയിലേക്ക് എത്തുന്നത്.