Friday, March 13, 2026 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 10.45 AM

പരോളില്‍ ഇറങ്ങി മുങ്ങിയ കൊലക്കേസ്‌ പ്രതി നാല്‌ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

ചെങ്ങന്നൂര്‍: ജീവപരന്ത്യം തടവില്‍നിന്ന്‌ പരോളില്‍ ഇറങ്ങി മുങ്ങിയ കൊലക്കേസ്‌ പ്രതി നാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം പിടിയില്‍. 2016ല്‍ ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യുവല്‍സ്‌ ഉടമ ശങ്കരമംഗലം വീട്ടില്‍ എം.പി. മുരളീധരന്‍നായരെ (55) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ആലാ പെണ്ണുക്കര വടക്കും മുറിയില്‍ ,പൂമലച്ചാല്‍, മഠത്തിലേത്ത്‌ വീട്ടില്‍ ബോഞ്ചോ എന്ന്‌ വിളിക്കുന്ന അനൂപ്‌ കുമാ(36)റിനെയാണ്‌ ഡി. വൈ. എസ്‌.പി.യുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്‌.
2016 ഫെബ്രുവരി 18ന്‌ രാത്രിലായിരുന്നു സംഭവം. മുളക്കുഴ കാണിക്കമണ്ഡപം ജംഗ്‌ഷന്‌ സമീപമുള്ള രേണു ഓട്ടോ ഫ്യുവല്‍സ്‌ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടി ക്കാനായെത്തിയ ഗുണ്ടകളായ മനോജും അനൂപും ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി. ബഹളം കേട്ട്‌ വന്ന പമ്പ്‌ ഉടമ മുരളീധരന്‍ നായര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഭീഷണി മുഴക്കി അവര്‍ പമ്പില്‍നിന്നും പോയി.
വൈകിട്ട്‌ ഏഴരയോടെ മുരളീധരന്‍ നായര്‍ ബന്ധുവായ ശശികുമാറിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക്‌ പോകവേ ബൈക്കില്‍ പിന്തുടര്‍ന്ന രാജീവ്‌ എന്നയാള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക്‌ തടഞ്ഞുനിര്‍ത്തി. തൊട്ടു പിന്നാലെ മനോജും അനൂപും ബൈക്കിലെത്തി കമ്പിവടി കൊണ്ട്‌ മുരളീധരന്‍ നായരുടെ തലയ്‌ക്ക് മൃഗീയമായി അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ ഒന്ന്‌ മുതല്‍ മൂന്നുവരെ പ്രതികളായ ബോഞ്ചോ എന്ന്‌ വിളിക്കുന്ന അനൂപ്‌ കുമാര്‍, രാജീവ്‌, ഐസക്ക്‌ എന്നുവിളിക്കുന്ന മനോജ്‌ എന്നിവരെ മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി ജീവപര്യന്തം തടവും, 35,000 രൂപ വീതം പിഴയും ശിക്ഷിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരായി കഴിഞ്ഞ്‌ വരവേ 2022 മെയ്‌ ആറിന്‌ അനൂപ്‌ കുമാര്‍ 14 ദിവസത്തെ പരോളില്‍ പുറത്തിറങ്ങി ഒളിവില്‍ പോയി. ജില്ലാ പോലീസ്‌ മേധാവി എം. പി. മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി.വൈ. എസ്‌. പി. എം. കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അനൂപ്‌ വിവാഹം കഴിച്ചു ഓസ്‌ട്രിയയിലേക്ക്‌ വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ട്‌ എടുത്തു കടന്നതായി നാട്ടില്‍ കിംവദന്തി പരന്നിരുന്നു.
എന്നാല്‍ ആ പെണ്‍കുട്ടിയെ കണ്ടെത്തി രഹസ്യമായി അന്വേഷണം നടത്തിയതില്‍ ഇത്‌ ഊഹാപോഹങ്ങള്‍ മാത്രമായിരുന്നുവെന്നു തെളിഞ്ഞു. അന്വേഷണത്തിനിടയില്‍ ഇയാള്‍ ഗുജറാത്തില്‍ ജോലിക്ക്‌ പോയതായി സൂചനകള്‍ ലഭിച്ചു.
ഗുജറാത്തില്‍ കുറച്ചു നാള്‍ നിന്ന ശേഷം ആന്ധ്ര പ്രദേശിലും മുംബൈയിലും ഇയാള്‍ വ്യാജ പേരില്‍ കഴിഞ്ഞതായി തെളിഞ്ഞു . അന്വേഷണം നടക്കുന്നതായുള്ള വിവരം സുഹൃത്തുക്കള്‍ വഴി അറിഞ്ഞതിനെ തുടര്‍ന്ന്‌ ഇയാള്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ചു. എല്ലാ വിനിമയ മാധ്യമങ്ങളും ഉപേക്ഷിച്ച്‌ മറ്റൊരു പേരില്‍ ഇയാള്‍ ബംഗളൂരുവിലേക്ക്‌ ഒളിത്താവളം മാറ്റി.
ബംഗളൂരു ഇലക്‌ട്രോണിക്‌ സിറ്റിയില്‍ ഹോട്ടലില്‍ കയറിക്കൂടി. അന്വേഷണസംഘത്തിന്‌ വിവരം കിട്ടിയപ്പോഴേക്കും അനൂപ്‌ അവിടെനിന്നും കടന്നിരുന്നു. സാങ്കേതിക പരമായ ഒരു വിവരങ്ങളും അന്വേഷണ സംഘത്തിന്‌ ലഭിക്കാതിരിക്കാന്‍ നാട്ടില്‍ അടുത്ത ബന്ധുക്കളുമായോ സൂഹൃത്തുക്കളുമായോ ബന്ധം പുലര്‍ത്താതെ ജാഗ്രതയോടെയായിരുന്നു ഇയാളുടെ നീക്കങ്ങള്‍. ബംഗളൂരവില്‍ ജോലി ചെയ്‌തിരുന്ന സമയത്ത്‌ അവിടെ നഴ്‌സായ പന്തളം സ്വദേശിനിയുമായി അടുപ്പം ഉണ്ടെന്ന്‌ കണ്ടെത്തി.
ഈ യുവതിയുടെ നീക്കങ്ങള്‍ പോലീസ്‌ രഹസ്യമായി നിരീക്ഷിച്ചു വരവേ കഴിഞ്ഞ രണ്ടുമാസമായി അനൂപ്‌ ബംഗളൂരു കൊഡിഗെഹള്ളി അന്നപൂര്‍ണ്ണേശ്വരി നഗറിലെ ടിഷ്യൂ പേപ്പര്‍ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു.
കഴിഞ്ഞദിവസം അന്വേഷണ സംഘം ഇയാളെ പിടികൂടുന്നതിനായി ബംഗളൂരുവിലേക്ക്‌ യാത്ര തിരിച്ചെങ്കിലും 12ന്‌ അനൂപ്‌ പെണ്‍സുഹൃത്തിനെ കാണാന്‍ നാട്ടിലേക്ക്‌ വന്നതായി വിവരം ലഭിച്ചു. യുവതിയുടെ ആള്‍ താമസമില്ലാത്ത കുടുംബവീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന അനൂപ്‌ കുമാറിനെ ഇന്നലെ പുലര്‍ച്ചയോടെ വീട്‌ വളഞ്ഞു പോലീസ്‌ സംഘം പിടികൂടുകയായിരുന്നു. ചെങ്ങന്നൂര്‍ ഇന്‍സ്‌പെക്‌ടര്‍ വിപിന്‍. എ. സി, എ.എസ്‌.ഐ സിനു വര്‍ഗീസ്‌, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ഉണ്ണികൃഷ്‌ണപിള്ള.ജി, മുഹമ്മദ്‌ ഷഫീക്‌.ഐ , അരുണ്‍ ഭാസ്‌ക്കര്‍ , സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ജിജോ സാം, കണ്ണന്‍. കെ.എം എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Ads by Google
Advertisement
Thursday 15 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW