Wednesday, March 11, 2026 Last Updated 59 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.43 AM

ഉയിര്‍പ്പ്‌ വിദ്യാഭ്യാസ പദ്ധതി നിശബ്‌ദ വിപ്ലവമായി മാറി: ടി. സിദ്ധിഖ്‌

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരായ വിദ്യാര്‍ഥികള്‍ക്കായി എം.എല്‍.എ കെയര്‍ മലബാര്‍ ഗോള്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ ഉയിര്‍പ്പ്‌ വിദ്യാഭ്യാസ പദ്ധതി നിശബ്‌ദ വിപ്ലവമായി മാറിയെന്ന്‌ അഡ്വ. ടി. സിദ്ധിഖ്‌ എം.എല്‍.എ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക്‌ ഉയര്‍ന്ന വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിലൂടെ ദീര്‍ഘകാല വിദ്യാഭ്യാസ പുനരധിവാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം.എല്‍.എ കെയറിന്റെ നേതൃത്വത്തില്‍ മലബാര്‍ ഗോള്‍ഡ്‌ ചാരിറ്റബിള്‍ ട്രസ്‌റ്റ് രൂപപ്പെടുത്തിയ ഉയിര്‍പ്പ്‌ പദ്ധതിയില്‍ ദുരന്തം നേരിട്ട്‌ ബാധിച്ച വിദ്യാര്‍ഥികളാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌.
പദ്ധതിയുടെ ആനുകൂല്യം 143 വിദ്യാര്‍ഥികള്‍ക്കാണ്‌ ലഭ്യമായിട്ടുള്ളത്‌. മൂന്ന്‌ കോടി രൂപയോളമാണ്‌ ഇതിനായി മലബാര്‍ ഗോള്‍ഡ്‌ നീക്കിവച്ചത്‌. ട്യൂഷന്‍ ഫീസ്‌, ഹോസ്‌റ്റല്‍ ഫീസ്‌, മെസ്സ്‌ ഫീസ്‌, ഇന്റേണ്‍ഷിപ്പ്‌, യാത്രാചെലവ്‌ ഉള്‍പ്പെടെ വിദ്യാര്‍ഥിക്ക്‌ കോഴ്‌സ് പൂര്‍ത്തീകരിക്കാനുള്ള പൂര്‍ണ സാമ്പത്തികസഹായമാണ്‌ പദ്ധതിയുടെ ഭാഗമായി ഒരുക്കിയത്‌.
അതില്‍ ഏറ്റവും അവസാനമായി 2028ല്‍ പഠനം പൂര്‍ത്തിയാക്കുന്ന കുട്ടിക്ക്‌ കാലക്രമമായിട്ടുണ്ടാവുന്ന കോഴ്‌സ് ഫീസിലും മറ്റുമുണ്ടാകാനിടയുള്ള വര്‍ധന മുന്‍കൂട്ടി കണ്ടുകൊണ്ടാണ്‌ പദ്ധതി ആവിഷ്‌ക്കരിച്ചത്‌. 54 വിദ്യാര്‍ഥികള്‍ ഈ പദ്ധതിയിലൂടെ ഇതിനകം കോഴ്‌സ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അതില്‍ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ മുപ്പതോളം വിദ്യാര്‍ഥികള്‍ മുന്നോട്ടുപോകുന്നു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിന്‌ ശേഷം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധിയാണ്‌ നേരിട്ടത്‌.
രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികളുടെ ഒരാളുടെ പോലും പഠനം മുടങ്ങാതെ മുന്നോട്ടുകൊണ്ടു പോകാന്‍ പദ്ധതികൊണ്ട്‌ സാധിച്ചു. പദ്ധതിക്കൊപ്പം ഒപ്പം നിന്ന മലബാര്‍ ഗോള്‍ഡിന്‌ നന്ദി പറയുകയാണെന്നും എം.എല്‍.എ പറഞ്ഞു. മലബാര്‍ഗോള്‍ഡിനെ പോലെ യെനപൊയ ഡീംഡ്‌ യൂണിവേഴ്‌സിറ്റി, നിഷില്‍ പോലുള്ള സ്‌ഥാപനങ്ങളും ദുരന്തബാധിതരായ വിദ്യാഭ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന്‌ സഹായം നല്‍കിയിട്ടുണ്ട്‌. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ്‌ കല്‍പ്പറ്റ ബ്രാഞ്ച്‌ മാനേജര്‍ വി.സി.എസ്‌.ആര്‍ ഹെഡ്‌ അമീര്‍ അലി, ദില്‍ബിഷ്‌, അഡ്വ. പ്രണവ്‌, അസ്‌മിയ തുടങ്ങിയവരും പങ്കെടുത്തു.

Ads by Google
Advertisement
Thursday 15 Jan 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW