-->
വളാഞ്ചേരി: കേടായ എല്‍.ഇ.ഡി. ബള്‍ബുകള്‍ വെറും മൂന്ന് മിനിറ്റുകൊണ്ട് പുനര്‍നിര്‍മ്മിക്കുന്ന വിദ്യയുമായി വളാഞ്ചേരി മര്‍ക്കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ആരംഭിച്ച ഓപ്പണ്‍ ഹൗസ് എക്‌സിബിഷന്‍. എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി. ക്ലിനിക്കില്‍ ഏതുതരം ബള്‍ബുകളും ട്യൂബുകളും എളുപ്പത്തില്‍ നന്നാക്കാന്‍ സൗജന്യമായി പരിശീലനം നല്‍കും.
ഇ.എം.സിയുടെ റിസോഴ്‌സ് പേഴ്‌സനും എല്‍.ഇ.ഡി. മാസ്‌റ്റര്‍ ട്രെയിനറു കൂടിയായ പി. സാബിര്‍, എം.പി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആസാദലി ഉദ്‌ഘാടനം ചെയ്‌ത ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സി.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സി.സി. മുഹമ്മദ് ഷാഫി, എം.പി. ഫസീല, ഡോ. ആരിഫ, ഓഫീസ് സൂപ്രണ്ട് കെ.എം. അബ്‌ദുല്‍ ഗഫൂര്‍ പങ്കെടുത്തു. എല്‍.ഇ.ഡി ക്ലിനിക്കിന് പുറമെ, ജില്ലാ ശുചിത്വ മിഷന്റെയും ക്ലീന്‍ കേരളയുടെയും സെമിനാറുകള്‍, എംപ്ലോയ്‌മെന്റ് ഓഫീസിന്റെ സോഫ്‌റ്റ് സ്‌കില്‍ പരിശീലനം, വിവിധ വകുപ്പുകളുടെ സ്‌റ്റാളുകള്‍ എന്നിവയും എക്‌സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.