-->
ചെറുപുഴ: സംസ്‌ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് ചെറുപുഴ കൃഷിഭവന്‍ വഴി നടപ്പിലാക്കുന്ന സ്‌ഥാപനപച്ചക്കറി കൃഷിയില്‍ മികച്ച മാതൃകയായി ഇടവരമ്പ ഗവണ്മെന്റ് എല്‍.പി സ്‌കൂള്‍. പഞ്ചായത്തിലെ ഏക ഗവണ്മെന്റ് പ്രാഥമിക വിദ്യാലയമായ ഇടവരമ്പ സ്‌കൂള്‍ എല്ലാവര്‍ഷവും പച്ചക്കറി കൃഷി ചെയ്യാറുണ്ടെങ്കിലും ഇതാദ്യമായാണ് 60 സെന്റില്‍ ഇത്രയും വിപുലമായി കൃഷി ചെയ്യുന്നത്. വെണ്ട, വഴുതിന, തക്കാളി, പച്ചമുളക് തുടങ്ങി ക്യാബേജ്, കോളി ഫ്‌ളവര്‍ ഉള്‍പ്പെടെയുള്ള ശീതകാല പച്ചക്കറികളും പാവല്‍ പടവലം തലോരി തുടങ്ങിയ പന്തല്‍ ഇനങ്ങളും ഉണ്ട്. കുട്ടികള്‍ക്ക് ശാസ്‌ത്രീയ കൃഷിപാഠം പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെ പ്ലാസ്‌റ്റിക് മള്‍ച്ചിങ്, ഡ്രിപ്പ് ഇറിഗേഷന്‍ ഉള്‍പ്പെട്ട കൃത്യതാകൃഷിരീതിയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 20 സെന്റ് സ്‌ഥലത്ത് ചീരമാത്രം വിളയിച്ചെടുത്ത് കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങി. കൃഷിഭവന്‍ വഴി കൃഷിക്ക് 50000 രൂപ സബ്‌സിഡി ലഭ്യമാക്കിയിട്ടുണ്ടെന്ന് സാങ്കേതിക ഉപദേശങ്ങളുമായി എന്നും കൂടെയുള്ള ചെറുപുഴ കൃഷി അസിസ്‌റ്റന്റ് സുരേഷ് കുറ്റൂര്‍ പറഞ്ഞു.