Saturday, March 14, 2026 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.42 AM

എണ്‍പത്തിയഞ്ചുകാരനും അറുപത്തിയഞ്ചുകാരിയും വിവാഹിതരായി

നടാല്‍ മഹാവിഷ്‌ണു ക്ഷേത്രമുറ്റത്ത്‌ ഞായറാഴ്‌ച രാവിലെ എണ്‍പത്തിയഞ്ചുകാരനായ വടക്കേച്ചാലില്‍ ചന്ദ്രനും അറുപത്തിയഞ്ചുകാരി ആഡൂര്‍ മേപ്പാട്‌ രമയും കൈകള്‍ കോര്‍ത്തുപിടിച്ചു. തുളസിമാലകള്‍ പരസ്‌പരം അണിയിക്കുമ്പോള്‍ ക്ഷേത്രമുറ്റത്തെ മുഖങ്ങളില്‍ ആഹ്ലാദം വിരിഞ്ഞു. ചന്ദ്രന്‍ രമയുടെ കൈപിടിച്ച്‌ നടാല്‍ വായ നശാലയ്‌ക്ക് സമീപത്തെ വീട്ടിലേക്ക്‌ കയറുമ്പോള്‍ ഇളയമകള്‍ വധൂവരന്മാരുടെ കാലുകളില്‍ വെള്ളമൊഴിച്ച്‌ വരവേറ്റു. നിലവിളക്കുമായി ഇരുവരും വീടിനുള്ളിലേക്ക്‌ കടന്നു. ആറുവര്‍ഷം മുന്‍പ്‌ ഭാര്യ മരിച്ച ശേഷമുള്ള ചന്ദ്രന്റെ ഏകാന്ത ജീവിതത്തിലേക്കാണ്‌ രമയൊരു നിലാവുപോലെയെത്തിയത്‌. മാസങ്ങള്‍ക്കു മുന്‍പാണ്‌ ഇവര്‍ പരിചയത്തിലായത്‌. കണ്ണൂരിലെ ഒരു ടെക്‌സ്റ്റൈല്‍ സ്‌ഥാപനത്തില്‍നിന്ന്‌ ഡൈമാസ്‌റ്ററായി വിരമിച്ച ടി.വി. ചന്ദ്രന്‍ ചാല കോയേ്ാട്‌േ റോഡിലെ ബാഗ്‌ നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്യുന്നുണ്ട്‌. അവിടെ എത്തിയപ്പോഴാണ്‌ രമയെ കണ്ടതും പരിചയപ്പെട്ടതും. രമയുടെ ഏകാന്തജീവിതത്തിനും ഇതോടെ വിരാമമായി. മേപ്പാട്‌ കാവിനടുത്ത തറവാടുവീട്ടില്‍ രമയും ഒറ്റയ്‌ക്കായിരുന്നു താമസം.
അവിവാഹിതയായ രമയും ചന്ദ്രനും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ അഞ്ചുമക്കളും അച്‌ഛന്‌ പിന്തുണ നല്‍കി. ഇളയ മകളും ഭര്‍ത്താവും വിവാഹച്ചടങ്ങില്‍ അച്‌ഛനൊപ്പമുണ്ടായിരുന്നു. ചന്ദ്രന്റെ ആറുമക്കളില്‍ ഒരാള്‍ നേരത്തേ മരിച്ചിരുന്നു. മറ്റ്‌ അഞ്ചു പേരും വിവാഹിതരായി കുടുംബത്തോടൊപ്പം താമസിക്കുകയാണ്‌. ഒറ്റപ്പെടലില്‍ നിന്നുള്ള മോചനമായാണ്‌ വിവാഹിതനാകാന്‍ തീരുമാനിച്ചതെന്ന്‌ ചന്ദ്രന്‍ പറഞ്ഞു. കല്യാണത്തെക്കുറിച്ച്‌ നാട്ടില്‍ വേണ്ടപ്പെട്ടവരോടെല്ലാം ചന്ദ്രന്‍ പറഞ്ഞിരുന്നു. ക്ഷേത്രം മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. എഴുപതോളം പേര്‍ കല്യാണത്തിനെത്തി. എല്ലാം നോക്കിനടത്താന്‍ നാട്ടുകാരും ചന്ദ്രന്റെ സുഹൃത്തുക്കളുമുണ്ടായിരുന്നു.
എന്‍. പ്രശാന്ത്‌
തലശേരി

Ads by Google
Advertisement
Thursday 15 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW