-->
വൈക്കം: ദേവീസ്‌തുതികളും വര്‍ണനകളും ആലപിച്ച വില്ലടിച്ചാന്‍ പാട്ടിന്റെ ഇണവും താളവും തെക്കുപുറത്ത് ഗുരുതിയുടെ ചടങ്ങുകളെ ഭക്‌തിസാന്ദ്രമാക്കി. മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഫെബ്രുവരി ആറിനു നടക്കുന്ന വടക്കുപുറത്ത് ദേശഗുരുതിയുടെ ഭാഗമായി ക്ഷേത്രത്തിലെ തെക്കുവശത്ത് 41 ദിവസം തുടര്‍ച്ചയായി നടത്തുന്ന ചടങ്ങാണ് തെക്കുപുറത്ത് ഗുരുതി. വൈകിട്ട് 7.30ന് നടക്കുന്ന ഗുരുതിയുടെ ചടങ്ങുകള്‍ക്ക് വില്ലടിച്ചാന്‍ പാട്ട് പരമ്പരാഗതമായ ആചാരമാണ്. ഭദ്രകാളി പ്രീതിയ്‌ക്കും, കഥകള്‍ക്കും മുഖ്യപ്രാധാന്യം നല്‍കിയാണ് വില്ലടിച്ചാന്‍ പാട്ടും താളലയവും ഒരുക്കുന്നത്.
ഭദ്രകാളിയുടെ വര്‍ണനകള്‍, കണ്ണകി കോവലന്‍ ചരിതം, മുത്താരമ്മ, കൊടുങ്ങല്ലൂര്‍ ഭഗവതി, ശാസ്‌താവ്, ഭൈരവന്‍ തുടങ്ങിയ ദേവി ദേവന്മാരുടെ സ്‌തുതികളാണ് വില്ലടിച്ചാന്‍ പാട്ടിലൂടെ പാടുന്നത്. കൊടുങ്ങല്ലൂര്‍ ഭഗവതി, കൊടുംകാളി, ഭദ്രകാളി, ഭൂതഗണങ്ങള്‍ തുടങ്ങിയ ദേവി ദേവന്മാരെ വില്‍പാട്ടിലൂടെ സ്‌തുതിച്ച് ഗുരുതി കളത്തിലേയ്‌ക്ക് വിളിച്ചു വരുത്തി ഗുരുതി നല്‍കുന്നുവെന്നതാണ് ഇതിനെ പറ്റിയുള്ള ഐതിഹ്യം.
വണിക വൈശ്യ സംഘം 27-ാം നമ്പര്‍ വൈക്കം ശാഖയ്‌ക്ക് പൂര്‍വികരായ ക്ഷേത്ര ഊരാഴ്‌മാക്കാര്‍ കല്‍പ്പിച്ചു നല്‍കിയ അംഗീകാരമാണിത്. വടക്കുപുറത്ത് പാട്ടിന്റെ ചടങ്ങുകള്‍ക്ക് നോമ്പുനോറ്റ് വണിക വൈശ്യരുടെ മുത്താരമ്മന്‍ വില്‍പാട്ട് സംഘം ആണ് ആചാരാനുഷ്‌ഠാനത്തോടെ വില്‍പാട്ട് നടത്തുന്നത്. വില്‍പാട്ട് ആചാര്യന്‍ വൈക്കം മഹാദേവന്‍, വിഷ്‌ണു വേണു, രാഹുല്‍ ബാബു, സതീഷ് ചന്ദ്രന്‍, പ്രവീണ്‍, സോമ ശേഖരന്‍, പൊന്നപ്പന്‍, നിഷാദ് എന്നിവരാണ് വ്രതാനുഷ്‌ഠാനത്തോടെ തെക്കുപുറത്ത് ഗുരുതിയ്‌ക്ക് വില്‍പാട്ട് നടത്തുന്നത്.