-->
തൊടുപുഴ: ചലച്ചിത്ര പ്രേമികള്‍ക്ക് ആസ്വാദനവിരുന്നൊരുക്കിയ ഇരുപതാമത് തൊടുപുഴ ഫിലിം ഫെസ്‌റ്റിവല്‍ സമാപിച്ചു. നാലുദിവസങ്ങളിലായി 15 ചലച്ചിത്രങ്ങളും 12 ഹ്രസ്വചിത്രങ്ങളും ഫെസ്‌റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. മീറ്റ് ദി ഡയറക്‌ടര്‍, ഓപ്പണ്‍ ഫോറം, ഡിജിറ്റല്‍ എക്‌സിബിഷന്‍, കലാസന്ധ്യ എന്നിവയും ഫെസ്‌റ്റിവലിന്റെ ഭാഗമായി നടന്നു. സില്‍വര്‍ ഹില്‍സ് സിനിമാസില്‍ നടന്ന സമാപന സമ്മേളനം പി.ജെ ജോസഫ് എം. എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ചലച്ചിത്ര സംവിധായകന്‍ ഫാസില്‍ റസാക്ക് മുഖ്യാതിഥിയായി പങ്കെടുത്തു.
ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍. രവീന്ദ്രന്റെ അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍ നിഷ സോമന്‍, തപസ്യ കലാസാഹിത്യവേദി രക്ഷാധികാരി പി.ആര്‍. സുന്ദരരാജന്‍, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് അനുകുമാര്‍ തൊടുപുഴ, യുവ കലാസാഹിതി ജില്ലാ കണ്‍വീനര്‍ ഇ.എസ്.അലീല്‍, പ്രേം നസീര്‍ സുഹൃദ് സമിതി തൊടുപുഴ വൈസ് പ്രസിഡന്റ് സന്ധ്യ തൊടുപുഴ, ഫിലിം സൊസൈറ്റി സെക്രട്ടറി മഞ്‌ജുഹാസന്‍, ഭാരവാഹികളായ യു.എ. രാജേന്ദ്രന്‍, അനിത മുരളി, വില്‍സണ്‍ ജോണ്‍ എന്നിവരും പ്രസംഗിച്ചു.
ഹ്രസ്വചിത്ര മത്സരവിജയികള്‍ക്കുള്ള പുരസ്‌കാരദാനവും നടന്നു. സനില്‍ സണ്ണി സംവിധാനം ചെയ്‌ത അരളി മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടി. 10000 രൂപയുടെ കാഷ്‌അവാര്‍ഡും മെമെന്റോയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്‌കാരം. കൂടാതെ 11 ഹ്രസ്വ ചിത്രങ്ങള്‍കൂടി മികവ് തെളിയിച്ച ഹ്രസ്വചിത്രങ്ങളായി ഫെസ്‌റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ നേടി. പി.ജെ. ജോസഫ് എം.എല്‍.എ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. കൈതേയി, അകലെയാണെങ്കിലും, മാനിഷാദ, വില, ട്രീസ, ഭാവയാമി, ബഗ്, മനിതസുഭവം, 96 ഹവേഴ്‌സ് എ ഫോര്‍ ഫ്രീഡം, ഏകം അനേകം എന്നിവയാണ് ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ച മറ്റു ചിത്രങ്ങള്‍.
ചലച്ചിത്ര സംവിധായ കന്‍ ദിലീഷ് നായര്‍ ചെയര്‍മാനും സംവിധായകരായ അരുണ്‍ രാജ് കര്‍ത്ത, സോളമന്‍ കെ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് മത്സരത്തില്‍ വിധിനിര്‍ണയം നടത്തിയത്.