-->
കാലടി: ഇടറുന്ന കണ്‌ഠങ്ങളുരുവിട്ട മന്ത്രങ്ങള്‍ ഏറ്റുവാങ്ങി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ തിരുനടയടച്ചു. മൂടി നിന്ന മേഘങ്ങള്‍ പെയ്‌തൊഴിഞ്ഞപ്പോഴും നടയില്‍ കൂടിനിന്ന ഭക്‌തരുടെ കണ്ണുകള്‍ തോരാതെ പെയ്‌തു. ദേവിയുടെ തിരുമുഖം കണ്ണില്‍ നിന്നു മറഞ്ഞതോടെ അവര്‍ ഒരാണ്ടു നീണ്ട കാത്തിരിലേക്കു മടങ്ങി.
അവസാന ഭക്‌തരും ദര്‍ശനം നടത്തിയ ശേഷം ചൊവ്വാഴ്‌ച രാത്രി 7.30 ഓടെയാണ് നട അടക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. നാലമ്പലത്തില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു. മഹാദേവന്റെ അത്താഴപൂജയ്‌ക്കുള്ള നിവേദ്യം ഒരുക്കിയശേഷം ബ്രാഹ്‌മണിഅമ്മയുടെ അകമ്പടിയോടെ പാട്ടുപുരയില്‍ നിന്നു ശ്രീപാര്‍വ്വതീദേവിയെ ശ്രീകോവിലിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടതുറപ്പിനുള്ള ആചാരങ്ങള്‍ക്കായി ക്ഷേത്ര ഊരാഴ്‌മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളില്‍ നിന്നുള്ള പ്രതിനിധികളും സമുദായ തിരുമേനിയും ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികളും ബ്രാഹ്‌മണിഅമ്മയും നടയ്‌ക്കലെത്തി. ഒരുക്കങ്ങള്‍ പൂര്‍ത്തിയായശേഷം ബ്രാഹ്‌മണിഅമ്മ മനയ്‌ക്കല്‍ മൂന്നേടത്തു നിന്നും തൃക്കണ്‍പാര്‍ക്കാന്‍ എത്തിയോ എന്നു സമുദായം തിരുമേനിയോടു മൂന്നു തവണ വിളിച്ചു ചോദിച്ചു. ഊവ്വ് എന്ന് സമുദായം തിരുമേനി മൂന്നുവട്ടം മറുപടി പറഞ്ഞു. തുടര്‍ന്ന് നട അടച്ചോട്ടേ എന്ന ചോദ്യത്തിന് ആവാം എന്ന് മറുപടി ലഭിച്ചു. നട അടച്ചാലും എന്ന് ബ്രഹ്‌മണിഅമ്മയുടെ നിര്‍ദ്ദേശം ലഭിച്ച ഉടനെ മേല്‍ശാന്തി നടയടിച്ചു. നാലമ്പല കവാടത്തിനു ചടങ്ങുകള്‍ കണ്ടുനിന്ന ഭക്‌തര്‍ നിറകണ്ണുകളും നെടുവീര്‍പ്പുകളുമായി പിന്‍വാങ്ങി. ജില്ലാ കലക്‌ടറുടെ മേല്‍നോട്ടത്തില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അകമഴിഞ്ഞ സേവനം നടതുറപ്പിനുണ്ടായതായി ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികള്‍ അറിയിച്ചു.