-->
ചേര്‍ത്തല: നഗരമധ്യത്തിലെ താലൂക്കാശുപത്രി കവലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. ഇന്നലെ രാവിലെ ഒട്ടോറിക്ഷയും മിനിവാനും കൂട്ടിയിടിച്ചതാണ് അപകട പരമ്പരയില്‍ ഒടുവിലത്തേത്.
ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും മൂന്ന് യാത്രികര്‍ക്കും പരുക്കേറ്റു. ഇതില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ നില ഗുരുതരമാണ്. താലൂക്കാശുപത്രിയില്‍ നിന്നും യാത്രക്കാരുമായി പുറപ്പെട്ട ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്.
മിനി സിവില്‍ സ്‌റ്റേഷന്‍, താലൂക്കാശുപത്രി, അഗ്നിശമനസേന കാര്യാലയം, ശ്രീനാരായണ മെമ്മോറിയല്‍ ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍, ടൗണ്‍ എല്‍.പി സ്‌കൂള്‍, താലൂക്ക് ഓഫീസ്, സബ് രജിസ്‌ട്രാര്‍ ഓഫീസ്, ഡിവൈ.എസ്.പി ഓഫീസ് തുടങ്ങിയ പ്രധാന ഓഫീസുകളെല്ലാം സ്‌ഥിതി ചെയ്യുന്നത് ഈ ഭാഗത്താണ്.
ജനങ്ങള്‍ പ്രധാനമായി സഞ്ചരിക്കുന്നത് ഇവിടം വഴിയാണ്. പള്ളിപ്പുറം, കോട്ടയം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും വരുന്ന സ്വകാര്യ ബസുകളും ഏതാനും കെ.എസ്.ആര്‍.ടി.സി ബസുകളും ആശുപത്രി കവല വഴി സെന്റ് മേരീസ് പാലം മുനിസിപ്പല്‍ ബസ് സ്‌റ്റാന്റ് വഴിയാണ് കടന്നു പോകുന്നത്.
നാലു റോഡുകളുടെ സംഗമ സ്‌ഥാനമാണ് കവല. നാലു ഭാഗങ്ങളില്‍നിന്നും വരുന്ന വാഹന ങ്ങള്‍ ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങുന്നതാണ് അപകടങ്ങള്‍ പതിവാകുന്നതിന് കാരണമാകുന്നത്.
ഇന്നലെ ഉണ്ടായ അപകടത്തിനും അമിത വേതയാണ് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടങ്ങള്‍ പതിവാകുന്ന കവലയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ അടിയന്തര സംവിധാനം ഒരുക്കണമെന്നാവശ്യം ശക്‌തമായിട്ടുണ്ട്.