-->
കഞ്ഞിക്കുഴി: വേനല്‍ക്കാലമെത്തും മുമ്പേ കഞ്ഞിക്കുഴിയില്‍ തണ്ണിമത്തന്‍ വിളവെടുപ്പ് തുടങ്ങി. നിരവധി കര്‍ഷകരാണ് പല നിറങ്ങളിലുള്ള തണ്ണിമത്തന്‍ കൃഷി ചെയ്‌ത് വിളവെടുക്കുന്നത്. കിലോയ്‌ക്ക് 30- 40 രൂപ വിലയുള്ള പച്ച നിറത്തിലെ കിരണ്‍ തണ്ണിമത്തനാണ് കൂടുതലും കൃഷി ചെയ്യുന്നത്. കടും ചുവപ്പുനിറത്തിലുള്ള കാന്‍പിന് നല്ല മധുരവും ഡിമാന്‍ഡുമുണ്ട്.
50- 100 ഏക്കര്‍ സ്‌ഥലത്ത് കഞ്ഞിക്കുഴിയില്‍ തണ്ണിമത്തന്‍ കൃഷി നടക്കുന്നുണ്ട്. ഒരേക്കറില്‍ നിന്ന് 5000-8000 കിലോ വിളവാണ് ലഭിക്കുന്നത്. കഞ്ഞിക്കുഴിയുടെ ചൊരിമണലില്‍ നിരവധി കര്‍ഷകരാണ് ഇത്തവണ തണ്ണിമത്തന്‍ കൃഷി ചെയ്യുന്നത്. വേനല്‍ കനത്തതോടുകൂടി കര്‍ഷകരുടെ നേതൃത്വത്തിലുള്ള തണ്ണിമത്തന്‍ ജ്യൂസ് സ്‌റ്റാളുകള്‍ ദേശീയപാതയ്‌ക്കിരുവശവും വ്യാപകമാവുകയാണ്. മറുനാടന്‍ തണ്ണിമത്തനില്‍നിന്ന് നാടന്‍ തണ്ണിമത്തനിലേക്കുള്ള ചുവടുമാറ്റത്തിന് കഞ്ഞിക്കുഴി ചുക്കാന്‍ പിടിക്കുകയാണ്. ഇത്തവണ കൃഷി ഏറിയതോടെ നാടന്‍ തണ്ണിമത്തനുകള്‍ക്ക് വലിയ ആവശ്യക്കാരുമുണ്ട്.സംസ്‌ഥാന കര്‍ഷക അവാര്‍ഡു ജേതാവ് കൂടിയായ കഞ്ഞിക്കുഴി ഏഴാം വാര്‍ഡ് പ്ലാപ്പറമ്പില്‍ സാനുമോന്‍ മൂന്നേക്കറിലാണ് തണ്ണിമത്തന്‍ കൃഷി നടത്തുന്നത്.
അധികം പരിചരണം ആവശ്യമില്ലാത്ത തണ്ണിമത്തനുകള്‍ പ്രാദേശിക മാര്‍ക്കറ്റുകളിലും ദേശീയപാതയില്‍ തിരുവിഴയ്‌ക്കു സമീപം പ്രവര്‍ത്തിക്കുന്ന സ്വന്തം ഷോപ്പിലുമാണ് സനുമോന്‍ വിപണനം ചെയ്യുന്നത്. കൃഷിപ്പണികളില്‍ കൂട്ടായി അധ്യാപികയായിരുന്ന ഭാര്യ അനിതയും വിദ്യാര്‍ഥിനിയായ മകള്‍ അക്കുവും ഒപ്പമുണ്ട്.
കഞ്ഞിക്കുഴിയിലെ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് തുടക്കംകുറിച്ച് സനുമോന്റെ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷന്‍ എസ്.രാധാകൃഷ്‌ണന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്കുപഞ്ചായത്ത് ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷന്‍ ബൈരഞ്ചിത്ത്, ഏഴാം വാര്‍ഡംഗം എം.കെ.സജി, കര്‍മ്മസേന കണ്‍വീനര്‍ ജി. ഉദയപ്പന്‍, കര്‍ഷകന്‍ സാനു എന്നിവര്‍ പങ്കെടുത്തു.