-->
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ ജില്ലയില്‍ പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്‌ഘാടനങ്ങളും നടത്താനിരിക്കുന്ന പദ്ധതികളുടെ ശിലാസ്‌ഥാപനങ്ങളും വേഗത്തില്‍ നടത്താന്‍ നടപടി. ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിന് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം വളിച്ചു ചേര്‍ത്ത് മന്ത്രി പി.പ്രസാദാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ജില്ലയില്‍ 34543 ലൈഫ് മിഷന്‍ വീടുകള്‍ ഇതുവരെ പൂര്‍ത്തിയായതായും ഫെബ്രുവരിയോടെ ഇത് മുപ്പത്തയ്യായിരത്തില്‍ എത്തുമെന്നും മന്ത്രി പ്രസാദ് പറഞ്ഞു. ഭക്ഷ്യവിതരണ വകുപ്പിന്റെ 47 കെ സ്‌റ്റോറുകളില്‍ 19 എണ്ണം 26 നു മുമ്പും ബാക്കി ഫെബ്രുവരി 15 നു മുമ്പും ഉദ്‌ഘാടനം ചെയ്യും. ജില്ലാ സബ് ജയിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. കരീലക്കുളങ്ങര പോലീസ് സേ്‌റ്റഷന്റെ ഉദ്‌ഘാടനവും മുഹമ്മ പോലീസ് ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മ്മാണോദ്‌ഘാടനവും 24ന് നടത്താന്‍ സാധിക്കും. മെഡിക്കല്‍ കോളജ് ട്രോമാകെയര്‍ കെട്ടിടത്തിന്റെയും അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ഉദ്‌ഘാടനവും 26 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്‌ഘാടനവും ഫെബ്രുവരി 15ന് നടത്തും. തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ട്രോമാകെയര്‍ സെന്റര്‍, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി കെട്ടിടം, ജനറല്‍ ആശുപത്രി, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവയുടെ ഉദ്‌ഘാടനവും ഫെബ്രുവരി പകുതിക്കുള്ളില്‍ നടത്തും.
എല്ലാ ജില്ലാതല വകുപ്പ് മേധാവികളും വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍തന്നെ തീര്‍ക്കുന്നതിന് നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പുകള്‍ കരുതലും കൈത്താങ്ങും അപേക്ഷകളുമായി ബന്ധപ്പെട്ട പരാതികള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കണം.
താഴെത്തട്ടിലുള്ള എല്ലാ ഉദ്യോഗസ്‌ഥര്‍ക്കും ഇതിനുള്ള നിര്‍ദ്ദേശം നല്‍കണം. നവകേരള സദസിന്റെ ഭാഗമായി സര്‍ക്കാര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ അനുവദിച്ച പ്രത്യേക പദ്ധതികള്‍ക്ക് പണം ലഭ്യമായിട്ടുണ്ട്. ഇത് എത്രയും വേഗം തുടങ്ങണം. ഈ പ്രവര്‍ത്തങ്ങളെക്കുറിച്ച് അതത് മണ്ഡലങ്ങളിലെ എം.എല്‍.എ മാരുമായി ചര്‍ച്ച ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. വിവിധ മണ്ഡലങ്ങളിലായി 17 അംഗന്‍വാടികളുടെ തറക്കല്ലിടലും രണ്ടെണ്ണത്തിന്റെ പൂര്‍ത്തീകരണ ഉദ്‌ഘാടനവും ഉടന്‍ നടത്തുമെന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്‌ഥര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലയിലെ പ്രധാന പദ്ധതികളില്‍ ഉള്‍പ്പെട്ട പടഹാരം പാലം ജനുവരി പകുതിയോടെയും പെരുമ്പളം പാലം ഈ മാസം അവസാനവും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്‌ഘാടനത്തിന് സജ്‌ജമാക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്‌ടര്‍ അലക്‌സ് വര്‍ഗീസ്, എഡിഎം ആശാ സി ഏബ്രഹാം, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.