-->
കുട്ടനാട്: പുഞ്ചക്കൊയ്‌ത്ത് ആരംഭിച്ചതിന് തൊട്ടുപിന്നാലെ വേനല്‍ മഴയുമെത്തിയത് കുട്ടനാട്ടിലെ കര്‍ഷകരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞദിവസം നെടുമുടി കൃഷിഭവന്‍ കീഴിലെ കുരിശുപള്ളി പാടത്തായിരുന്നു കൊയ്‌ത്തിന് തുടക്കം കുറിച്ചത്. തൊട്ടു പിന്നാലെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ മഴ പെയ്‌തു. ഇന്നലെ ഉച്ചക്ക് ശേഷം ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. നെല്ലുവിളഞ്ഞു കിടക്കുന്ന പാടങ്ങളില്‍ ചെറിയതോതില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് ഇത് കാരണമായി. എന്നാല്‍ കഴിഞ്ഞദിവസം കൊയ്‌ത്ത് ആരംഭിച്ച കുരിശുപള്ളി പാടത്തിന് സമീപമുള്ള പ്രദേശത്ത് മഴ കാര്യമായി പെയ്യാതിരുന്നത് കര്‍ഷകര്‍ക്ക് അനുഗ്രഹമായി.
അല്ലെങ്കില്‍ കൊയ്‌ത് കൂട്ടിയ നെല്ല് നനയുന്നതിന് പുറമേ സംഭരണം പോലും തടസപ്പെടുന്നതിന് കാരണമാകുമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റു പാടശേഖരങ്ങളിലും കൊയ്‌ത്ത് തുടങ്ങുമെന്നിരിക്കെ നിനച്ചിരിക്കാതെ വന്ന മഴ കുട്ടനാട്ടിലെ ഭൂരിഭാഗം കര്‍ഷകരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇതേ നില തുടര്‍ന്നാല്‍ അത് ഇപ്രാവശ്യത്തെ കൊയ്‌ത്തിനെയാകെ താളം തെറ്റിക്കുന്നതിന് കാരണമാകുമോയെന്ന് കര്‍ഷകര്‍ക്ക് ആശങ്കപ്പെടുന്നു. മാനത്ത് മഴക്കാര്‍ കണ്ടാല്‍ ഈര്‍പ്പത്തിന്റെ പേര് പറഞ്ഞ് സംഭരണത്തിന് ഉടക്കിടുന്നതാണ് മില്ലുകാരുടെ രീതി. കൂടാതെ കൂടുതല്‍ കിഴിവ് ആവശ്യപ്പെടാനും തുടങ്ങും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കര്‍ഷകര്‍ അനുഭവിച്ചു വരുന്ന പ്രശ്‌നമാണിത്. ഇപ്രാവശ്യമെങ്കിലും ഇതില്‍നിന്ന് രക്ഷനേടാനാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് മഴ എത്തിയത്. അതേസമയം വിതച്ച് പകുതി പ്രായമായ നെല്‍ച്ചെടികള്‍ക്കു ഈ മഴ ഏറെ ഗുണം ചെയ്യും.