-->
കുറ്റ്യാടി: കോഴിക്കോട്, കുറ്റ്യാടി, മാനന്തവാടി റൂട്ടില്‍ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനായി 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ അനുവദിക്കുമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. പൊതു ഗതാഗത സംവിധാനത്തിന്റെ കുറവുകള്‍ കാരണം ഗതാഗത പ്രതിസന്ധി നേരിടുന്ന ഈ റൂട്ടില്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ബി. ഗണേഷ് കുമാറിനോട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വടകരയില്‍ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് ബസ് സര്‍വീസുകള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നതായും തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി കണ്‍ട്രോളിങ് ഇന്‍സ്‌പെക്‌ടര്‍ വി.എം ഷാജി, എ.ടി.ഓ രഞ്‌ജിത്ത്, ഇന്‍സ്‌പെക്‌ടര്‍ ഇന്‍ ചാര്‍ജ് എസ്. ഷിബു എന്നിവരുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേരുകയും 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയുമുണ്ടായി. വടകര, കുറ്റ്യാടി, മാനന്തവാടി, മൈസൂര്‍ റൂട്ടിലേക്കും പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. അതിരാവിലെ വടകരയില്‍ നിന്ന് ആരംഭിച്ച് രാവിലെ 10 മണിയോടെ മൈസൂരില്‍ എത്തുന്ന രീതിയിലാണ് ബസ് സര്‍വീസ് ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.