-->
കോഴഞ്ചേരി: പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയ്‌ക്ക് പരമ്പരാഗതവഴിയിലെങ്ങും ഭക്‌തര്‍ ഭക്‌തി നിര്‍ഭരമായ സ്വീകരണം ഒരുക്കി.
വൈകിട്ട് നാലോടെ കുറിയാനപ്പള്ളിയിലെത്തിയ ഘോഷയാത്രയെ ഭക്‌തര്‍ ശരണംവിളികളോടെ എതിരേറ്റു. കൂടവെട്ടിക്കല്‍, കാവുംപടി വഴി ആറന്മുള ആല്‍ത്തറ കടന്ന് പാര്‍ഥസാരഥി ക്ഷേത്ര കിഴക്കേനടയിലെത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ഉപദേശക സമതി, ആറന്മുള പളളിയോട സേവാസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഉപദേശക സമതി കിഴക്കേ നടയില്‍ ഘോഷയാത്രയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഭജനയും നടത്തി. ഇവിടെ നിന്നും പുന്നംതോട്ടം, വ്യവസായ കേന്ദ്രം പടി കഴിഞ്ഞ് പഴയ തെരുവില്‍ എത്തി . ആയിരങ്ങളാണ് തിരുവാഭരണം ദര്‍ശിക്കാന്‍ പാമ്പാടിമണ്ണില്‍ എത്തിച്ചേര്‍ന്നത്.
പാമ്പാടിമണ്‍ ശ്രീ അയ്യപ്പാ നായര്‍ സേവാസമാജം മുഴുവന്‍ അയ്യപ്പഭക്‌തര്‍ക്കും രാത്രി ഒന്‍പ്‌ത് വരെ അന്നദാനം നടത്തി . ശ്രീകൃഷ്‌ണദാസ്, ഹരീന്ദ്രനാഥന്‍നായര്‍, രവീന്ദ്രന്‍നായര്‍, രാധാകൃഷ്‌ണന്‍നായര്‍, വി.രാജന്‍ സി.കെ.രഘുനാഥ്, സി.കെ.രാജീവ് തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു അന്നദാനം.
ദീപാരാധനയ്‌ക്ക് ശേഷം തിരുവാഭരണ പൂജകള്‍ കഴിഞ്ഞ് ഘോഷയാത്ര പാമ്പാടിമണ്ണില്‍ നിന്നും കോളേജ് ജങ്‌ഷന്‍, ചെറുകോല്‍ സുബ്രഹ്‌മണ്യ ക്ഷേത്രം വഴി പരമ്പാരഗത പാതയിലൂടെ വാഴക്കുന്നം നീര്‍പ്പാലം കയറി പുതിയകാവ് കുളഞ്ഞിയില്‍ പടിയെലെത്തിയപ്പോള്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി തുടര്‍ന്ന് വന്ന ഘോഷയാത്ര സ്വീകരണം ഇക്കുറിയും പരമ്പരാഗത രീതിയില്‍ നടത്തി.
അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ ഒന്നാം ദിവസത്തെ രാത്രി വിശ്രമത്തിന് ഇറക്കിവച്ച് തിരുവാഭരണ പേടകകങ്ങള്‍ ഭക്‌തജന ദര്‍ശനത്തിനായി തുറന്ന് വച്ചു.
രാത്രി 12 മണിയോടെയാണ് പേടകം അടച്ചത്. പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ ഊട്ടുപുരയില്‍ ഘോഷയാത്രയ്‌ക്ക് എത്തിയവര്‍ക്ക് അന്നദാനം നടത്തി.
ഉപദേശക സമതി ഭാരവാഹികളായ അജയ് ഗോപിനാഥ്, ടി.എസ്.ഹരീഷ്, വി.കെ.അനില്‍കുമാര്‍, രമേശ് ചന്ദ്രന്‍ തുടങ്ങിയവര്‍ അന്നദാനത്തിനും ഘോഷയാത്ര സ്വീകരണത്തിനും നേതൃത്വം നല്‍കി. ചൊവ്വാഴ്‌ച പുലര്‍ച്ചെ 2:30 ന് ഘോഷയാത്ര പുതിയ കാവില്‍ നിന്നും ആരംഭിച്ച് രാത്രി എട്ടിന് ളാഹ സത്രത്തില്‍ വിശ്രമിക്കും.