-->
ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഈ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഭക്‌തര്‍ കൃത്യമായി പാലിക്കണമെന്നും സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുജിത്ത് ദാസ് അറിയിച്ചു.
പാണ്ടിത്താവളം, ശരംകുത്തി, യൂടേണ്‍ തുടങ്ങിയ ഇടങ്ങളിലെ വ്യൂ പോയിന്റുകളില്‍ സുരക്ഷിതമായി നിന്ന് മകരജ്യോതി ദര്‍ശിക്കണം. വനമേഖലയോട് ചേര്‍ന്നുള്ള പല വ്യൂപോയിന്റുകളിലും ഭക്‌തര്‍ വിരിവയ്‌ക്കാറുണ്ട്. ഈ പ്രദേശങ്ങളില്‍ യാതൊരു കാരണവശാലും പാചകം നടത്തരുത്. ഹില്‍ടോപ്പില്‍ അപകടമുണ്ടാക്കുന്ന സ്‌ഥിതിവിശേഷം സൃഷ്‌ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗുരുസ്വാമിമാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഭക്‌തര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഷെയര്‍ ചെയ്‌തിട്ടുണ്ട്. മകരജ്യോതി ദര്‍ശനത്തിന് ശേഷം പമ്പയിലേക്ക് തിരിച്ചു മടങ്ങാന്‍ തിരക്ക് കൂട്ടരുത്. സുരക്ഷിതമായി പമ്പയില്‍ എത്തണം. മുഴുവന്‍ ഭക്‌തര്‍ക്കും മടങ്ങിപ്പോകുന്നതിനുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ പമ്പയില്‍ നിന്നും ക്രമീകരിച്ചിട്ടുണ്ട്. ഭക്‌തര്‍ കെ.എസ്.ആര്‍.ടി.സി വാഹനങ്ങളില്‍ ക്യൂ പാലിച്ച് കയറണം.
മകരജ്യോതി ദര്‍ശിച്ച് തിരിച്ചിറങ്ങാന്‍ മൂന്ന് റൂട്ടുകള്‍ നിശ്‌ചയിച്ചിട്ടുണ്ട്. പാണ്ടിത്താവളത്ത് നിന്ന് ദര്‍ശന്‍ കോംപ്ലക്‌സിന് പിന്‍ഭാഗത്തിലൂടെ, നടപ്പന്തലിന് പിന്‍ഭാഗം വഴി കൊപ്രാക്കളം, ട്രാക്‌റ്റര്‍ റോഡിലൂടെ, കെ.എസ്.ഇ.ബി ജംഗ്‌ഷനിലെത്തുന്നതാണ് ഒരു പ്രധാന റൂട്ട്. പാണ്ടിത്താവളം ജംഗ്‌ഷനില്‍ നിന്ന് മാളികപ്പുറം ഭാഗത്തുള്ള ഇറക്കം വഴി, പോലീസ് ബാരക്ക്, ബെയ്‌ലി പാലം വഴി ചന്ദ്രാനന്ദന്‍ റോഡിലെത്തുന്നതാണ് രണ്ടാമത്തെ പാത. നടപ്പന്തലിന്റെ മധ്യഭാഗം വഴി കെ. എസ്. ഇ.ബി ജംഗ്‌ഷനിലെത്തുന്നതാണ് മൂന്നാമത്തേത്. ഈ റൂട്ടുകളിലൂടെ ഭക്‌തരെ സെഗ്മന്റുകള്‍ തിരിച്ച് അപകടം കൂടാതെ സുരക്ഷിതരായി പമ്പയിലെത്തിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. മകരവിളക്ക് ദിവസം സോപാനത്തിലും തിരുമുറ്റത്തും പരിസരത്തും തിരുവാഭരണ ഘോഷയാത്ര എത്തുമ്പോള്‍ അഭൂതപൂര്‍വ്വമായ തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ നടപടികളും കൈക്കാണ്ടിട്ടുണ്ട്. തിരക്ക് ഒഴിവാക്കാന്‍ ഭക്‌തരെ വ്യൂപോയിന്റുകളിലേക്ക് മാറ്റും. അതിന് ശേഷമായിരിക്കും തിരുവാഭരണം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. തീര്‍ത്ഥാടകര്‍ പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശ്ശനമായി പാലിക്കണമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
അഗ്നിരക്ഷാ സേനയും സജ്‌ജം
ശബരിമല മകരവിളക്ക് മഹോത്സവത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏത് അടിയന്തര സാഹചര്യം നേരിടുന്നതിനും സജ്‌ജമായി സന്നിധാനത്തെ അഗ്നിരക്ഷാ സേന യൂണിറ്റ്. ഫയര്‍ ആന്‍ഡ് റസ്‌ക്യു ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കറിന്റെ കീഴില്‍ ഒരു സ്‌റ്റേഷന്‍ ഓഫീസര്‍, മൂന്ന് സ്‌റ്റേഷന്‍ ഓഫീസര്‍മാര്‍, രണ്ട് മെക്കാനിക്കുകള്‍, 10 ഡ്രൈവര്‍മാര്‍, 10 സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍മാര്‍, 57 ഫയര്‍മാന്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ളത്. സ്‌ട്രെച്ചര്‍ സര്‍വീസിനും മറ്റ് അടിയന്തര ഘട്ടങ്ങളിലും 50 അംഗ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സേവനവും ഉണ്ട്. പമ്പയില്‍ തീര്‍ത്ഥാടകരുടെ രക്ഷയ്‌ക്കായി പരിശീലനം ലഭിച്ച 10 അംഗ സ്‌കൂബ ഡൈവിങ് അംഗങ്ങളും ഉണ്ട്.
വണ്ടിപ്പെരിയാര്‍, പുല്ലുമേട്, പാഞ്ചാലിമേട്, സത്രം, പരുന്തുംപാറ, അയ്യന്‍മല, പഞ്ഞിപ്പാറ, ഇലവുങ്കല്‍, അട്ടത്തോട്, അട്ടത്തോട് ഉന്നതി, ളാഹ, വടശ്ശേരിക്കര, നീലിമല തുടങ്ങിയ 13 വ്യൂപോയിന്റുകളില്‍ പത്തില്‍ കുറയാത്ത അഗ്നിരക്ഷാ സേനാംഗങ്ങളുടെ സംഘം ഡ്യൂട്ടിയിലുണ്ടാകും. മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍, ഫയര്‍ ടെണ്ടറുകള്‍, ആംബുലന്‍സ്, റെസ്‌ക്യു വെഹിക്കിള്‍, ഫസ്‌റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍ മുതലായ സേനയുടെ 31 വാഹനങ്ങളും സേവനത്തിന് സജ്‌ജമായി വ്യൂ പോയിന്റുകളിലുണ്ടാകും.
കാനനപാത സുരക്ഷിതമാക്കി
വനംവകുപ്പ്
മകരവിളക്ക് സുരക്ഷിതമാക്കുന്നതിനായി വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. തിരുവാഭരണം കടന്നുപോകുന്ന കാനനപാത കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി പമ്പാനദിക്ക് കുറുകെ സഞ്ചരിക്കാന്‍ താല്‍ക്കാലിക നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. അപകട സാധ്യത ഒഴിവാക്കുന്നതിനായി ബാരിക്കേഡുകള്‍ സ്‌ഥാപിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്‌തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പമ്പ, പുല്ലുമേട്, സന്നിധാനം മേഖലകളില്‍ നിലവിലുള്ള സ്‌ഥിരം ഉദ്യോഗസ്‌ഥര്‍ക്കു പുറമേ 120 പേരെ അധികമായി വനം വകുപ്പ് വിന്യസിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശീയരായ നാട്ടുകാരുടെ സഹകരണത്തോടെ എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ 136 സന്നദ്ധ പ്രവര്‍ത്തകരുണ്ട് .