-->
കട്ടപ്പന: നഗരത്തിന്റെ സ്വപ്‌നപദ്ധതിയായ തണലിടന്റെ നിര്‍മാണം തുടങ്ങുന്നു. മാര്‍ച്ച് 31ന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. ഇന്നലെ പദ്ധതി സ്‌ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പള്ളിക്കവല- ടൗണ്‍ഹാള്‍ ബൈപ്പാസ് റോഡിലാണ് തണലിടം പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ ഏറ്റവും മനോഹരമായ സ്‌ഥലമാണ് ഇവിടം.
100 മീറ്റര്‍ റോഡിന്റെ ഇരുവശങ്ങളിലും തണല്‍മരങ്ങള്‍ നിറഞ്ഞ പ്രദേശമാണ് ഇവിടെ. ഏത് വെയ്‌ലത്തും ഇവിടെ തണലുള്ളതിനാല്‍ നിരവധി ആളുകളാണ് ഇവിടെ വിശ്രമിക്കാനെത്തുന്നത്.
ഈ സ്‌ഥലത്തെ മരങ്ങള്‍ എല്ലാം സംരക്ഷിച്ചു കൊണ്ടാണ് നഗരസഭ തണലിടം എന്ന പേരില്‍ ഇവിടെ വിശ്രമ കേന്ദ്രം നിര്‍മിക്കുവാന്‍ തീരുമാനിച്ചത്. നഗരസഭ ബജറ്റില്‍ 15 ലക്ഷം രൂപാ റോഡിന്റെ സൈഡ് കെട്ടിന് അനുവദിച്ചിരുന്നു.
പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ അമൃത് 2.0 പദ്ധതിയില്‍ പെടുത്തി 37 ലക്ഷം രൂപായും അനുവദിച്ചിരുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സുഹൃത്തുകള്‍ക്കൊപ്പവും കുടുംബമായും സമയം ചിലവഴിക്കാന്‍ ഇവിടെ സാധിക്കും. മരങ്ങള്‍ നശിപ്പിക്കാതെ കല്ല് കെട്ടി സംരക്ഷിച്ച് ചാരുബെഞ്ചുകള്‍, പൂച്ചെടികള്‍, സോളാര്‍ലൈറ്റ്, ക്യാമറ, കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങള്‍,ഫ്രീ വൈഫൈ, എക്‌സര്‍ സെയ്‌സ് മിഷന്‍, കഫ്‌റ്റേരിയ എന്നിവയാണ് തണലിടത്തില്‍ തയാറാക്കുന്നത്.