-->
തൊടുപുഴ: നാടിന്റെ വികസനം എല്ലാ മനുഷ്യരുടെയും സാമൂഹിക വികസനമാണെന്നും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ എല്ലാവര്‍ക്കും അവകാശ പ്പെട്ടതാണെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയ്‌ക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാനായകന്‍ കൂടിയായ കാന്തപുരം.
നമ്മുടെ സാമൂഹികജീവിതം ഇനിയും മെച്ചപ്പെടണം. ലയങ്ങളിലും മറ്റും ദുരിതപൂര്‍ണ ജീവിതം നയിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് സ്വസ്‌ഥമായി കിടന്നുറങ്ങാന്‍ വാസയോഗ്യമായ പാര്‍പ്പിടം ഉണ്ടാവണം. വെള്ളവും വെളിച്ചവും അവര്‍ക്ക് ലഭ്യമാവണം. അവരുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കണം. കാര്‍ഷിക വിളകളുടെയും സുഗന്ധ വ്യഞ്‌ജനങ്ങളുടെയും നാടാണ് ഇടുക്കി. കര്‍ഷകര്‍ നമ്മുടെ നാടിന്റെ നട്ടെല്ലാണ്.
പക്ഷേ, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. അവര്‍ കൃഷി ഉപേക്ഷിച്ച് മറ്റു തൊഴിലുകള്‍തേടാന്‍ നിര്‍ബന്ധിതരാകുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൃഷിയിലേക്ക് കടന്നുവന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് എന്നത് ആശാവഹമാണ്.
പക്ഷേ, കര്‍ഷക കുടുംബങ്ങള്‍ക്ക് കൃഷിയില്‍ നിന്നുതന്നെ വരുമാനം ലഭിക്കുന്ന നിലയുണ്ടാകണം. എങ്കിലേ കാര്‍ഷികരംഗം സജീവമാകൂ. പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കണം. സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന കാര്‍ഷിക പാക്കേജുകള്‍ ഫലവത്താകുന്നില്ലേ എന്നത് ഗൗരവായി ആലോചിക്കണം. കാര്‍ഷികവിഭവങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കണം. തകരഷീറ്റുകള്‍ കൊണ്ട് മേഞ്ഞ ലയങ്ങളില്‍ കഴിയുന്ന മനുഷ്യരെ നമ്മള്‍ ചേര്‍ത്തുപിടിക്കണം. ഇത് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല.
സന്നദ്ധസംഘടനകളും മുന്നിട്ടിറങ്ങണം. പാര്‍പ്പിടവും ഭക്ഷണവും മറ്റു സൗകര്യങ്ങളും എല്ലാ മനുഷ്യര്‍ക്കും മതവും ജാതിയും രാഷ്ര്‌ടീയവും പരിഗണിക്കാതെ ലഭ്യമാക്കണം. കാന്തപുരം പറഞ്ഞു.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്‌ഘാടനം ചെയ്‌തു.
എ.കെ. അബ്‌ദുല്‍ഹമീദ് ബാഖവി അധ്യക്ഷത വഹിച്ചു. യാത്രാഉപനായകരായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്‌ദുല്‍ റഹ്‌മാന്‍ സഖാഫി പ്രസംഗിച്ചു. പി.ജെ. ജോസഫ് എം. എല്‍. എ, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ. ദീപക്, അഡ്വ. സി. കെ. വിദ്യാസാഗര്‍, സി. പി. വര്‍ഗീസ്, കെ.എം.എ ഷുക്കൂര്‍, കെ. സലിംകുമാര്‍, അഡ്വ. റോയ് വാരിക്കാട്ട്, അഡ്വ. ഷാജി ജോസഫ്, എം. എം സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട്, ഫിര്‍ദൗസ് സഖാഫി പ്രമേയ പ്രഭാഷണം നടത്തി. മാരായമംഗലം അബ്‌ദുറഹ്‌മാന്‍ ഫൈസി, വണ്ടൂര്‍ അബ്‌ദുറഹ്‌മാന്‍ ഫൈസി, ഷറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍, എന്‍. അലി അബ്‌ദുല്ല, മജീദ് കക്കാട്, മുഹമ്മദ് കുഞ്ഞി സഖാഫി, അബ്‌ദുല്‍ കരീം സഖാഫി, ടി.കെ. അബ്‌ദുല്‍ കരീം സഖാഫി, ഷാജാഹാന്‍ മുഈനി എന്നിവര്‍ നേതൃത്വം നല്‍കി.
കേരളയാത്രയെ പന്ത്രണ്ടാം ദിവസം ഇടുക്കി ജില്ലാ അതിര്‍ത്തിയായ അച്ചന്‍കവലയില്‍ ജില്ലാ നേതാക്കളും നൂറുക്കണക്കിന് സുന്നീപ്രവര്‍ത്തകരും സ്വീകരിച്ചു. വഴിയോരങ്ങളില്‍ വന്‍ജനാവലി യാത്രയെ എതിരേറ്റു.
തൊടുപുഴയില്‍ സ്‌നേഹവിരുന്നും റാലിയും സെന്റിനറി ഗാര്‍ഡ് പരേഡും നടന്നു. കേരളയാത്രക്ക് 13 ന് കോട്ടയം, 14ന് രാവിലെ 10 ന് പത്തനംതിട്ട, അഞ്ചിന് കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 16ന് വൈകുന്നേരം 5ന് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.