Saturday, March 14, 2026 Last Updated 18 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.44 AM

പുല്ലുമേട്‌ ദുരന്തം നടന്നിട്ട്‌ നാളെ 14 വര്‍ഷം

കുമളി: നൂറ്റിരണ്ടുപേരുടെ മരണത്തിനിടയായ പുല്ലുമേട്‌ ദുരന്തത്തിന്‌ നാളെ പതിനാല്‌ വയസ്‌. അപകടം നടന്ന്‌ ഒന്നര പതിറ്റാണ്ട്‌ അടുത്തിട്ടും ദുരന്തത്തിന്‌ വഴിതെളിച്ച യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 2011 ജനുവരി 14ന്‌ രാത്രി എട്ടിനായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്‌. മകര ജ്യോതി ദര്‍ശിച്ച്‌ പുല്ലുമേട്‌ മല ഇറങ്ങി കൂട്ടമായി വന്ന തീര്‍ഥാടകരാണ്‌ അപകടത്തില്‍പെട്ടത്‌. മകരജ്യോതി കണ്ടാല്‍ പിന്നെ ഒരു നിമിഷം പോലും നില്‍ക്കാതെ ഉപ്പുപാറയില്‍
പാര്‍ക്ക്‌ ചെയ്‌തിട്ടുള്ള ടാക്‌സി ജീപ്പുകളില്‍ കയറി സ്വന്തം നാടുകളിലേക്ക്‌ പോകാനുള്ള തിരക്കാണ്‌ ദുരന്തമുഖത്തേക്ക്‌ തീര്‍ഥാടകരെ എത്തിച്ചത്‌. ജീപ്പുകളുടെ പാര്‍ക്കിങ്‌ സ്‌ഥലത്തുനിന്ന്‌ മലമുകളിലേക്ക്‌ ജീപ്പുകള്‍ കേറി പോകാതിരിക്കാന്‍ വനം വകുപ്പ്‌ വനപാതയ്‌ക്കു കുറുകെ ചങ്ങല കെട്ടിയിരുന്നു.
വെളിച്ച കുറവുമുലം ഇത്‌ ശ്രദ്ധയില്‍പ്പെടാതെ കൂട്ടമായി ഇറക്കം ഇറങ്ങിവന്ന തീര്‍ഥാടകര്‍ ഒന്നിനുപിറകെ ഒന്നൊന്നായി ചങ്ങലയില്‍ തട്ടി വീഴുകയായിരുന്നു. രണ്ടു ലക്ഷത്തോളം അയ്യപ്പന്‍മാര്‍ മകരവിളക്ക്‌ കാണാന്‍ അന്ന്‌ പുല്ലുമേട്ടില്‍ തമ്പടിച്ചിരുന്നതായാണ്‌ കണക്ക്‌.
തീര്‍ഥാടകരുടെ ഒഴുക്കില്‍ പെട്ട്‌ ചങ്ങലയില്‍ തട്ടി വീണ്‌ കിടന്നിരുന്നവരിലധികം പേരും മരിച്ചത്‌ ശ്വാസകോശത്തിനേറ്റ ക്ഷതമായിരുന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞ്‌ ഹൃദയത്തിലും ശ്വാസകോശത്തിലും കയറിയിരുന്നു. വണ്ടിപ്പെരിയാര്‍ മുതല്‍ ഉപ്പുപാറ വരെയുള്ള ഗതാഗത കുരുക്കുമുലം പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും മരണനിരക്ക്‌ കൂടാനിടയായി. അഞ്ഞുറോളം ജീപ്പുകള്‍ അയ്യപ്പന്‍മാരെ കാത്ത്‌ അന്ന്‌ പുല്ലുമേട്ടിലുണ്ടായിരുന്നു.
അപകടവിവരം അറിഞ്ഞ്‌ രക്ഷാപ്രവര്‍ത്തകരും ആംബുലന്‍ സുകളും ഫയര്‍ഫോഴ്‌സ് വാഹനങ്ങളുമെല്ലാം പുല്ലുമേട്ടിലേക്ക്‌ കുതിച്ചെങ്കിലും യഥാസമയം സംഭവ സ്‌ഥലത്ത്‌ എത്താന്‍ കഴിഞ്ഞില്ല. വഴി മുഴുവന്‍ ബ്ലോക്കായി. പിന്നീട്‌ രക്ഷാപ്രവര്‍ത്തനം തുടങ്ങി ആശുപതിയില്‍ എത്തും മുമ്പ്‌ പലര്‍ക്കും ജീവന്‍ നഷ്‌ടപെട്ടിരുന്നു.
വണ്ടിപ്പെരിയാര്‍ കുമളി സര്‍ക്കാര്‍ ആശുപത്രികളിലാണ്‌ അപകടത്തില്‍ പെട്ടവരെ ആദ്യം എത്തിച്ചത്‌. ആശുപത്രികളില്‍ എത്തിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടി. രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ ആ രാത്രി മറക്കാനാകില്ല. മൃതദേഹങ്ങള്‍ എല്ലാം രാത്രി തന്നെ കുമളി പ്രാഥമിക കേന്ദ്രത്തിലേക്ക്‌ മാറ്റി.
ഒരു ഞെട്ടലോടെയാണ്‌ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത സാമുഹ്യ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നും ആ ദിനം ഓര്‍ക്കുന്നത്‌. കുമളി സര്‍ക്കാര്‍ ആശുപത്രി പരിസരം മുഴുവന്‍ ആബുലന്‍സുകള്‍ കൊണ്ട്‌ നിറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്‌റ്റ് മോര്‍ട്ടത്തിന്‌ ശേഷം അവരവരുടെ നാടുകളിലേക്കു കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി എല്ലാവരും ഒന്നിച്ചു ശ്രമിച്ചു. അന്‍പതിലധികം ഡോക്‌ടര്‍മാരും ജീവനക്കാരും പോസ്‌റ്റ് മോര്‍ട്ട നടപടികള്‍ക്കായി എത്തി. തമിഴനാട്‌ ആന്ധ്രാ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള തിര്‍ഥാടകരായിരുന്നു മരിച്ചവരില്‍ അധികവും.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന്‌ വരുത്തിയ ആംബുലന്‍സുകളില്‍ ജനുവരി 15ന്‌ തന്നെ മൃതദ്ദേഹങ്ങള്‍ അവരവരുടെ വീടുകളില്‍ എത്തിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പെടെയുള്ള മന്ത്രിമാരും, എം.എല്‍.എമാരും ജനപ്രതിനിധികളുമെല്ലാം കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
തേക്കടി ബോട്ടു ദുരന്തത്തിനു ശേഷം കുമളി കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു പുല്ലുമേട്‌ ദുരന്തമെന്ന്‌ ഇന്നും നാട്ടുകാര്‍ ഓര്‍ക്കുന്നു.
പതിനാലു വര്‍ഷം പിന്നിടുമ്പോഴും പുല്ലുമേട്‌ ദുരന്തത്തിന്റെ നിജസ്‌ഥിതി അറിയാതെ ഇരുട്ടില്‍ തപ്പുകയാണ്‌ അന്വേഷണ സംഘം.

Ads by Google
Advertisement
Tuesday 13 Jan 2026 09.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW