-->
കട്ടപ്പന: തോട്ടംമേഖലയായ പീരുമേട്ടില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയായി ആരോഗ്യ മേഖലയിലെ ശോച്യാവസ്‌ഥ. 20 വര്‍ഷത്തോളമായി ഇടതുപക്ഷ എം.എല്‍.എ മണ്ഡലത്തെ പ്രതിനീധികരീച്ച മണ്ഡലത്തില്‍ ആരോഗ്യമേഖല ഏറെ പിന്നിലാണ്. തെരഞ്ഞെടുപ്പില്‍ ഇതിനെ മുഖ്യ ചര്‍ച്ചാ വിഷയമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും.
തേയിലത്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട പീരുമേട് മണ്ഡലത്തില്‍ സാധാരണക്കാരായ നൂറുകണക്കിനു തൊഴിലാളികളാണ് തിങ്ങിപ്പാര്‍ ക്കുന്നത്. മികച്ച ആശുപത്രി ഇല്ലാത്തത് പലപ്പോഴും ജീവന്‍ നഷ്‌ടമാകുന്നതിനുവരെ കാരണമാകുന്നുണ്ട്.
അന്താരാഷ്‌ട്ര ടൂറിസ്‌റ്റ് കേന്ദ്രമായ തേക്കടിയും വാഗമണ്ണും അടക്കം ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മണ്ഡലത്തിലുണ്ട്. എന്നാല്‍ ആരോഗ്യ രംഗത്ത് മികച്ച സംവിധാനങ്ങള്‍ ഇല്ലാത്തത് എക്കാലത്തും വലിയ പ്രതിസന്ധിയാകാറുണ്ട്. കഴിഞ്ഞ ടേമില്‍ മണ്ഡലത്തിലെ ഏലപ്പാറ, പെരുവന്താനം പഞ്ചായത്തുകള്‍ ഒഴികെയുള്ള പഞ്ചായത്തുകള്‍ എല്‍.ഡി.എഫ്. ഭരണത്തിലായിരുന്നു.
ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടത് പക്ഷമായിരുന്നു വിജയിച്ചിരുന്നത്. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ആരോഗ്യ രംഗത്ത് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നതാണ് എതിര്‍പക്ഷം ചൂണ്ടിക്കാട്ടുന്നത്. വണ്ടിപ്പെരിയാര്‍ സി.എച്ച്.സിയില്‍ കിടത്തി ചികിത്സയ്‌ക്ക് സംവിധാനമില്ല. ഡോക്‌ടര്‍മാരുടെയും ജീവനക്കാരുടെയും കുറവും ഇവിടെ പ്രതിസന്ധിയാണ്. ശബരിമല മണ്ഡലകാലത്ത് അയ്യപ്പഭക്‌തര്‍ ഏറ്റവും കൂടുതല്‍ എത്തുന്നസ്‌ഥലമായ പുല്ലുമേട്, സത്രം, വണ്ടിപ്പെ രിയാര്‍ എന്നീ മേഖലകളില്‍ ഒരു ക്ലിനിക്കിന്റെ പ്രയോജനം മാത്രമാണ് ലഭിക്കുന്നത്.
പീരുമേട് താലൂക്ക് ആശുപത്രിയെയാണ് കുമളി മുതല്‍ ഉപ്പുതറ വരെയുള്ള പ്രദേശത്തെ സാധാരണക്കാര്‍ ആശ്രയിക്കുന്നത്. പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്ന ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തിലാണ്. ഒരു വര്‍ഷത്തിലധികമായി ആശുപത്രിയില്‍ അസ്‌ഥിരോഗ വിദഗ്‌ദ്ധന്‍ ഇല്ലായിരുന്നു.
ഇപ്പോള്‍ അസ്‌ഥി രോഗ വിദഗ്‌ധന്റെ സേവനം ലഭ്യമായപ്പോള്‍ എക്‌സറേ സംവിധാനം നിലച്ചിട്ട് ഒന്നര വര്‍ഷത്തിലധികമായി. അപകടത്തില്‍പ്പെട്ടോ മറ്റോ വരുന്ന രോഗികള്‍ക്ക് വേണ്ടി നിര്‍മിച്ചിരിക്കുന്ന എക്‌സ്റേ റൂം ഈര്‍പ്പത്തിന്റെ അതിപ്രസരം മൂലം പ്രവര്‍ത്തി ക്കുന്നില്ല.
യാതൊരു ശാസ്‌ത്രീയ അടിസ്‌ഥാനവുമില്ലാതെ പണിതിരിക്കുന്ന എക്‌സ് റേ റൂമിലേക്ക് പ്രായമായവരും രോഗികള്‍ക്കും എത്തിപ്പെടാന്‍ ഏറെ പണിപ്പെടേണ്ടി വരും.
നേത്രരോഗ വിഭാഗം പ്രവര്‍ത്തിക്കുന്നത് മൂന്നാം നിലയിലാണ് കണ്ണില്‍ മരുന്ന് ഒഴിച്ചുകഴിഞ്ഞാല്‍ രോഗികള്‍ക്കും വയോധികര്‍ക്കും ഇവിടെ കയറി ഇറങ്ങാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. വിവിധ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
താലൂക്ക് ആശുപത്രിയുടെ പല സ്‌ഥലങ്ങളിലാണ്. ഇവ എല്ലാം ഒരു കെട്ടിടത്തിലാക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ആരോഗ്യ മന്ത്രി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഈ വിവരങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. ആണ്‍- പെണ്‍ കിടപ്പു രോഗികള്‍ക്ക് ഒരു വാര്‍ഡാണുള്ളത്. ഇതും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം പണി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. പോരാത്തതിന് ആശുപത്രി പരിസരം മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഫോറന്‍സിക് സര്‍ജന്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍നിന്നും സ്‌ഥലംമാറ്റം വാങ്ങി പോയിരുന്നു.