-->
വണ്ടാനം: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്റര്‍നെറ്റ് സംവിധാനം താളം തെറ്റി. ഒ.പി ചീട്ട് വിതരണം തടസപ്പെട്ടു. ഒ.പി ചീട്ട് എടുക്കാനെത്തിയ ആയിരങ്ങള്‍ മണിക്കൂറുകളോളം ക്യൂനിന്ന് വലഞ്ഞു. ഇന്നലെ രാവിലെ മുതലാണ് ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായത്. രണ്ടുദിവസത്തെ തുടര്‍ച്ചയായ അവധിക്കുശേഷം ഇന്നലെ ആയിരക്കണക്കിന് രോഗികളാണ് ഒ.പിയില്‍ ചികിത്സ തേടിയെത്തിയത്. രാവിലെ എട്ട് മുതല്‍ ഒ.പി ടിക്കറ്റ് നല്‍കാന്‍ ആരംഭിച്ചെങ്കിലും ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായതോടെ രോഗികള്‍ വലഞ്ഞു. ഒരാള്‍ക്ക് ഒ.പി ടിക്കറ്റ് നല്‍കാന്‍ നാല് മിനിറ്റ് വരെയെടുത്തു. ഇതോടെ ആയിരക്കണക്കിന് പേര്‍ക്ക് മണിക്കൂറുകള്‍ പൊരി വെയിലത്ത് കാത്തുനില്‍ക്കേണ്ടി വന്നു. ഇടയ്‌ക്ക് ജീവനക്കാരുമായി സംഘര്‍ഷവും ഉണ്ടായി.