-->
എടത്വാ: തലവടി ഗ്രാമപഞ്ചായത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്- ബി.ജെ.പി ബാന്ധവമെന്ന ആരോപണം ഉയര്‍ന്നതോടെ സി.പി.എം നേതൃത്വം പിടിമുറുക്കി. മൂന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ കമ്മിറ്റിയില്‍നിന്ന് രാജിവെച്ചു.
വികസന സ്‌റ്റാന്റിങ് കമ്മിറ്റിയില്‍നിന്ന് എം.ജി കൊച്ചുമോന്‍, ബി. രമേഷ് കുമാര്‍ എന്നിവരും ആരോഗ്യ-വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്ന് അഞ്‌ജു സന്തോഷുമാണ് രാജിവെച്ചത്.
എല്‍.ഡി.എഫ് - ബി.ജെ.പി സഖ്യമുണ്ടായതോടെ സി.പി.എം നേതൃത്വത്തില്‍ കടുത്ത അമര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഏരിയ കമ്മിറ്റി ഇടപെട്ട് സഖ്യം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെയാണ് സി.പി.എമ്മിലെ മൂന്ന് അംഗങ്ങള്‍ ഇന്നലെ രാജിനല്‍കിയത്.
സ്‌റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു ദിവസം നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് എല്‍.ഡി.എഫ് - ബി.ജെ.പി പരസ്‌പര പിന്തുണ നല്‍കി അംഗങ്ങളെ തെരഞ്ഞെടുത്തത്.
യു.ഡി.എഫിന് ധനകാര്യ സ്‌റ്റാന്‍ന്റിങ് കമ്മിറ്റിയില്‍ മാത്രമായിരുന്നു ഭൂരിപക്ഷം. ക്ഷേമകാര്യ - ആരോഗ്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റികളില്‍ എല്‍.ഡി.എഫ്, ബി.ജെ.പി കൂട്ടുകെട്ടിന് മേല്‍ക്കെ ലഭിച്ചിരുന്നു. ആരോഗ്യ സ്‌റ്റാന്‍ന്റിങ് കമ്മിറ്റിയില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികളില്‍ നിന്ന് ഓരോ അംഗത്തെ വീതം തെരഞ്ഞെടുത്തിരുന്നു.
ഇതില്‍നിന്നാണ് സി.പി.എം പ്രതിനിധി രാജി വെച്ചത്. ക്ഷേമകാര്യ സ്‌റ്റാന്റിങ് കമ്മിറ്റിയില്‍ രണ്ട് സി.പി.എം, രണ്ട് യു.ഡി.എഫ് പ്രതിനിധികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയുടെ പിന്തുണയിലാണ് സി.പി.എം പ്രതിനിധികള്‍ കമ്മിറ്റിയില്‍ എത്തിയത്.
സി.പി.എമ്മിന്റെ രണ്ട് അംഗങ്ങളും രാജി നല്‍കി. ക്ഷേമകാര്യ സ്‌റ്റാന്‍ന്റിങ് കമ്മിറ്റിയില്‍ മൂന്ന് എല്‍.ഡി.എഫ് അംഗങ്ങളും ഒരു ബി.ജെ.പി അംഗവുമായിരുന്നു. ഈ കമ്മിറ്റിയില്‍ നിന്ന് സി.പി.എം പ്രതിനിധി രാജി നല്‍കിയിട്ടില്ല. 15 അംഗ ഗ്രാമസഭയില്‍ യു.ഡി.എഫിന് 7 സീറ്റും എല്‍.ഡി.എഫിന് 6 സീറ്റും ബി.ജെ.പിക്ക് മൂന്ന് സീറ്റുമാണ് ലഭിച്ചത്.
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായ ത്തില്‍ ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനം ഒഴികെയുള്ള എല്ലാ ചെയര്‍മാന്‍ സ്‌ഥാനവും യു.ഡി.എഫിന് ലഭിക്കാനാണ് സാധ്യത.