-->
മാന്നാര്‍: ഗ്രാമ പഞ്ചായത്തിലെ സ്‌റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു ധാരണയും ബി.ജെ.പി സി.പി.എമ്മുമായി ഉണ്ടാക്കിയിട്ടില്ലെന്നും ബി.ജെ.പിയുടെ ജനപ്രതിനിധികള്‍ മറ്റാര്‍ക്കും വോട്ട് നല്‍കിയിട്ടുമില്ലെന്നും ബി.ജെ.പി
നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് സി.പി.എമ്മിനോട് ആവശ്യപ്പെട്ടിട്ടില്ല. പിന്നീട് എന്തിനാണ് വോട്ട് നല്‍കിയത് എന്ന് സി.പി.എമ്മാണ് വ്യക്‌തമാക്കേണ്ടത്. ഇന്നലെ നടന്ന സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിച്ചില്ല. സി.പി.എമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ സഹായത്തോടെ ഒരു അധികാര സ്‌ഥാനവും ബി.ജെ.പിക്ക് വേണ്ട. സി.പി.എമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ സഹായത്തോടെ അല്ല ബി.ജെ.പിക്ക് മാന്നാറിലും ചെന്നിത്തലയിലും, ബുധനൂരിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുള്ളത്.
സി.പി.എം. അംഗങ്ങള്‍ വോട്ട് നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ കിട്ടുന്ന ചെയര്‍മാന്‍ സ്‌ഥാനം ബി.ജെ.പിക്ക് വേണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ചെങ്ങന്നൂരിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും സ്‌റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.എമ്മുമായി ധാരണയുണ്ടാക്കി ചെയര്‍മാന്‍ സ്‌ഥാനങ്ങള്‍ പങ്കിട്ടെടുത്തിരിക്കുകയാണ്. ബുധനൂരില്‍ രണ്ട് സീറ്റുള്ള കോണ്‍ഗ്രസിന് സി.പി.എം സഹായത്താല്‍ ക്ഷേമകാര്യ ചെയര്‍പഴ്‌സണ്‍ സ്‌ഥാനം ലഭിച്ചു. പത്രസമ്മേളനത്തില്‍ ബി.ജെ.പി. മാന്നാര്‍ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്‌ണന്‍, ബി.ജെ.പി മാന്നാര്‍ മണ്ഡലം വൈസ് പ്രസിഡന്റും , പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ കലാധരന്‍ കൈലാസം, ബി.ജെ.പി ഏരിയ പ്രസിഡന്റുമാരായ സജീഷ് തെക്കേടം, അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.