-->
പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ജലസേചന പദ്ധതിയുടെ കനാല്‍ നിര്‍മാണം നീളുന്നതായി പരാതി. രണ്ടര പതിറ്റാണ്ടു മുന്‍പ് പ്രവൃത്തി ആരംഭിച്ച കനാലിന്റെ നിര്‍മാണം ഇന്നും ഇഴയുകയാണെന്നാണ് കര്‍ഷകരുടെ പരാതി. ആദ്യഘട്ടം പ്രവര്‍ത്തനം 2024 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലായില്ല. പടിഞ്ഞാറത്തറ, കോട്ടത്തറ, വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിലായി 2800 ഹെക്‌ടര്‍ കൃഷിയിടത്തില്‍ വെള്ളം എത്തിക്കുന്ന ലക്ഷ്യം വച്ചാണ് കനാലിന്റെ നിര്‍മാണം.
ഡാമില്‍ നിന്ന് 2.730 കിലോമീറ്റര്‍ പ്രധാന കനാലും വെണ്ണിയോട്, പടിഞ്ഞാറത്തറ, കാപ്പുംകുന്ന്, പേരാല്‍ ബ്രാഞ്ച് കനാലുകളുമാണു പദ്ധതിക്കു വേണ്ടി നിര്‍മിക്കുന്നത്. ഇതില്‍ വെണ്ണിയോട് ബ്രാഞ്ചില്‍ നിന്നു വീട്ടിക്കാമൂല, കുറുമ്പാല, കുപ്പാടിത്തറ, വെണ്ണിയോട് ഭാഗങ്ങളിലേക്കും പേരാല്‍ ബ്രാഞ്ചില്‍ നിന്ന് ഇടതു കനാല്‍, വലതു കനാല്‍ വഴി വിവിധ സമീപ പ്രദേശത്തെ വിവിധ കൃഷിയിടങ്ങളിലേക്കും വെള്ളം എത്തിക്കുന്ന വിധത്തിലാണു പദ്ധതി വിഭാവനം ചെയ്‌തിരുന്നത്.
എന്നാല്‍ പിന്നീട് ഈ ഘടനയില്‍ നേരിയ മാറ്റം വരുത്തിയിരുന്നു പടിഞ്ഞാറത്തറ, പനമരം പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസായ കരമാന്‍ തോടിനു കുറുകെ അണ കെട്ടിയാണ് ബാണാസുര ഡാം നിര്‍മിച്ചത്. ഇതോടെ വെള്ളം ഇല്ലാതെ ഹെക്‌ടര്‍ കണക്കിന് സ്‌ഥലത്ത് കൃഷി മുടങ്ങി.കനാല്‍ വഴി യഥേഷ്‌ടം വെള്ളം ലഭ്യമാക്കും എന്നായിരുന്നു ഡാം നിര്‍മിക്കുമ്പോള്‍ കര്‍ഷകര്‍ക്കു നല്‍കിയ വാഗ്‌ദാനം. എന്നാല്‍ നാളിതുവരെ ഡാമില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും കര്‍ഷകര്‍ക്ക് നല്‍കാനായില്ല.
പ്രവൃത്തി ആരംഭിച്ചതു മുതല്‍ ഇതുവരെ കോടിക്കണക്കിനു രൂപ ചെലവഴിച്ചു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും കോടികള്‍ ആവശ്യവുമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പരാതിയും പതിവാണ് കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൃഷിയിടങ്ങളിലേക്കു വെള്ളം നല്‍കാനുള്ള നടപടികള്‍ ഇനിയും വൈകരുതെന്നാണു കര്‍ഷകര്‍ പറയുന്നത്.
ആദ്യ ഘട്ടം ഈ വര്‍ഷം മേയില്‍ ബാണാസുര സാഗര്‍ ജലസേചന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി ഈ വര്‍ഷം മേയില്‍ പ്രധാന കനാല്‍ വഴി വെള്ളം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. ബാണാസുര ഡാമില്‍ നിന്ന് 2.730 കിലോമീറ്റര്‍ ദൂരം വരുന്ന പ്രധാന കനാല്‍ വഴി വെള്ളം എത്തിച്ചു കൃഷിയിടത്തിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്യുക. പ്രധാന കനാലിന്റെ നിര്‍മാണവും അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാക്കാനുള്ള ഫണ്ടും ലഭ്യമായിട്ടുണ്ട്. എന്നാല്‍ കനാലിന്റെ പൂര്‍ത്തീകരണത്തിന് ഫണ്ടിന്റെ കുറവുണ്ട്. നബാര്‍ഡ് ഫണ്ടിന് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.